മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മിൽ സഹോദരതുല്യ ബന്ധമാണുള്ളതെന്നും സംസ്ഥാന ഭരണമേറ്റ ഇളയസഹോദരനുമായി സഹകരിക്കുകയെന്നത് മൂത്തസഹോദരന്റെ ഉത്തരവാദിത്വമാണെന്നും ശിവസേന അഭിപ്രായപ്പെട്ടു. ശിവസേനാ മുഖപത്രമായ സാമ്ന വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് രാഷ്ട്രീയ ഭിന്നതകൾ മറന്ന് മഹാരാഷ്ട്രയെ കേന്ദ്രസർക്കാർ സഹായിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത്.
പ്രധാനമന്ത്രി ഏതെങ്കിലുമൊരു പാർട്ടിയുടെ ആളല്ല, രാജ്യത്തിന്റെ മൊത്തം കാര്യങ്ങൾ നോക്കേണ്ടയാളാണ്. മഹാരാഷ്ട്രയിലെ ജനങ്ങളുടെ തീരുമാനം അംഗീകരിക്കാൻ കേന്ദ്രം തയ്യാറാവണം. ഇവിടെ ബി.ജെ.പി.യും ശിവസേനയും തമ്മിൽ രാഷ്ട്രീയ ഭിന്നതകളുണ്ടെന്നത് മഹാരാഷ്ട്രയിലെ കർഷകർക്ക് സഹായമെത്തിക്കുന്നതിൽനിന്നും മറ്റു സഹായങ്ങൾ നൽകുന്നതിൽനിന്നും കേന്ദ്രസർക്കാരിനെ തടയാൻ പാടില്ല -മുഖപ്രസംഗം പറയുന്നു.
ശിവസേനയും ബി.ജെ.പി.യും സഖ്യകക്ഷികളായിരുന്നപ്പോൾ ഇളയസഹോദരൻ എന്നാണ് ഉദ്ധവ് താക്കറെയെ നരേന്ദ്രമോദി വിശേഷിപ്പിച്ചിരുന്നത്. ഇക്കാര്യമാണ് മുഖപ്രസംഗത്തിൽ സാമ്ന പരാമർശിക്കുന്നത്. ശിവസേനാ മുഖപത്രമായ സാമ്നയുടെ പത്രാധിപസ്ഥാനം മുഖ്യമന്ത്രിസ്ഥാനം ഏൽക്കുന്നതിനുമുമ്പ് ഉദ്ധവ് താക്കറെ രാജിവെച്ചിരുന്നു.