പുണെ : പുണെ മെട്രോയുടെ ഒന്നുംരണ്ടും ഘട്ടങ്ങളിലെ 12 കിലോമീറ്റർ പാതയുടെ പണി മാർച്ചോടെ പൂർത്തിയാകുമെന്ന് കേന്ദ്ര പരിസ്ഥിതി, വനംവകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. പുണെ മെട്രോയുടെ മൂന്നാംഘട്ടമായ ഹിഞ്ചേവാഡി ശിവാജിനഗർ പാതയുടെ തറക്കല്ലിടൽ മാർച്ചിൽ നടക്കും. പുണെയിൽ ജില്ലാവികസന ഏകോപന നിരീക്ഷണസമിതി (ദിഷാ) യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .

2022-ൽ പുണെ മെട്രോയുടെ മുന്നുഘട്ടങ്ങളും പ്രവർത്തനക്ഷമമാകുമെന്നും പിംപ്രി - സ്വാർഗെറ്റ് പാതയിലെ ഫുഗേവാഡി മുതൽ സന്ത് തുക്കാറാം നഗർ വരെയുള്ള പാതയിൽ ഏപ്രിലിൽ സർവീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡെന്നും മന്ത്രി പറഞ്ഞു

അടിസ്ഥാനസൗകര്യ വികസനത്തിനും മാനവവികസനത്തിനും വേണ്ടിയുള്ള കേന്ദ്രപദ്ധതികൾ അവലോകനം ചെയ്യുന്നതിനായുള്ള ജില്ലാവികസന ഏകോപന, നിരീക്ഷണ സമിതിയോഗത്തിൽ പുണെ മെട്രോറെയിൽ പദ്ധതി, മുള മുത്ത നദി പുനരുജ്ജീവന പദ്ധതി, ജില്ലയിലെ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കൽ എന്നിവയുടെ പുരോഗതി പ്രകാശ് ജാവഡേക്കർ അവലോകനം ചെയ്തു. എം.പി. മാരായ സുപ്രിയ സുലെ, ഗിരീഷ് ബാപ്പട്ട്, അമോൽ കോൽഹെ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പുണെ ജില്ലയിലെ എല്ലാഗ്രാമപ്പഞ്ചായത്തുകളിലും മാലിന്യ നിർമാർജനത്തിന്റെ പ്രാധാന്യം കണിക്കിലെടുത്ത് മാലിന്യ നിർമാർജനത്തിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ തീരുമാനമെടുത്തതായി മന്ത്രി അറിയിച്ചു. ഇത് മുന്നൂറിലധികം ഗ്രാമങ്ങൾക്ക് പ്രയോജനം ചെയ്യും. മുള മുത്ത നദി സംരക്ഷണ പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി കേന്ദ്ര-സംസ്ഥാനതലങ്ങളിൽ യോഗങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുള മുത്ത റിവർ ക്ലീനിങ് പ്രോജക്ടിനായി ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയുടെ വായ്പകേന്ദ്രം തിരിച്ചടിക്കുമെന്നും കേന്ദ്ര സർക്കാർ പുണെക്ക് നൽകിയ സമ്മാനമാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.