മുംബൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന്‌ പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് അധ്യാപകരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒഴിവാക്കി. ഇവരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിയോഗിക്കുന്നത് എസ്.എസ് സി., എച്ച്.എസ്.സി. പരീക്ഷകളുടെ മൂല്യനിർണയം വൈകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയതീരുമാനത്തോടെ ആശങ്കകൾക്ക് അറുതിയായി. ജൂൺ മാസത്തിലാണ് എസ്.എസ്.സി., എച്ച്.എസ്.സി. പരീക്ഷകളുടെഫലം വരുന്നത്. അധ്യാപകരെ തിരഞ്ഞെടുപ്പ് ചുമതലകൾ ഏൽപ്പിക്കുന്നതോടെ എച്ച്.എസ്.സി. -എസ്.എസ്.സി. ഫലംപ്രഖ്യാപനം വൈകുമെന്നും അത് വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരെ തിരഞ്ഞെടുപ്പ് ചുമതലയിൽനിന്ന്‌ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയത്.

മഹാരാഷ്ട്രയിൽ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും പഠിപ്പിക്കുന്ന 50,000 അധ്യാപകരാണുള്ളത്. സംസ്ഥാനത്ത് ഏപ്രിൽ 11 മുതൽ 29 വരെ നാല് ഘട്ടങ്ങളിലായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.