മുംബൈ: സാമൂഹികമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിച്ച ആളുകൾക്കെതിരേ പരാതി നൽകി ബോളിവുഡ് നടി സ്വര ഭാസ്കർ. സ്വര ഭാസ്കർ അഭിനയിച്ച ഒരു പഴയ സിനിമാരംഗത്തിന്റെ പേരിലാണ് ട്വിറ്ററിലും യുട്യൂബിലും ചിലർ അധിക്ഷേപം നടത്തിയത്.

ഡൽഹി വസന്ത് കുഞ്ചിലാണ് സ്വര ഭാസ്കർ പരാതി നൽകിയിട്ടുള്ളത്. തന്നെ അപമാനിക്കാനായി ചില സന്ദേശങ്ങളും ഹാഷ് ടാഗുകളും സാമൂഹികമാധ്യമങ്ങൾവഴി പ്രചരിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

354 ഡി, 509 ഐ.പി.സി., 67 ഐ.ടി. ആക്ട് എന്നീ വകുപ്പുകൾപ്രകാരമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ദൽഹി പോലീസ് ക്രിമിനൽകേസ് ഫയൽ ചെയ്തിട്ടുണ്ട്. ആക്ഷേപകരമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച അക്കൗണ്ടുകളെക്കുറിച്ച് ട്വിറ്ററിനോട് പോലീസ് അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്.

ബി.ജെ.പി.ക്കെതിരേ നിരന്തരം വിമർശനം ഉന്നയിക്കുന്ന സ്വര ഭാസ്കറിനെതിരേ നേരത്തെയും സംഘപരിവാർ അനുകൂല പ്രൊഫൈലുകളിൽനിന്ന് അധിക്ഷേപം ഉണ്ടായിട്ടുണ്ട്.