കല്യാണ്‍: മധ്യ റെയില്‍വേയില്‍ കല്യാണ്‍-കസാര റൂട്ടിലെ ആസന്‍ഗാവ് റെയില്‍വേ സ്റ്റേഷനില്‍ അഞ്ചുകിലോ വാട്‌സിന്റെ രണ്ട് സൗരോര്‍ജ യൂണിറ്റുകളും 6.2 കിലോ വാട്‌സിന്റെ ഒരു കാറ്റാടിയന്ത്ര യൂണിറ്റും സ്ഥാപിച്ചു.

ഇനി ഈ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന മൊത്തം 16.2 കിലോ വാട്‌സ് വൈദ്യുതിയിലൂടെയായിരിക്കും ഈ സ്റ്റേഷനിലെ കംപ്യൂട്ടറുകള്‍, പങ്കകള്‍, എല്‍.ഇ.ഡി. ബള്‍ബുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുക.

സമീപഗ്രാമങ്ങളില്‍നിന്ന് പ്രതിദിനം 75,000-ല്‍പരം യാത്രക്കാര്‍ ആശ്രയിക്കുന്ന ആസന്‍ഗാവ് സ്റ്റേഷനില്‍ ഇതുവരെ 11 കിലോവാട്‌സ് വൈദ്യുതിയാണ് ഉപയോഗിച്ചുവന്നിരുന്നത്.

സൗരോര്‍ജ-കാറ്റാടിയന്ത്ര യൂണിറ്റുകള്‍ സ്ഥാപിച്ചതുമൂലം വൈദ്യുതി ബില്ലില്‍ എഴുപതുശതമാനത്തോളം ലാഭിക്കാന്‍ കഴിയും. മിച്ചംവരുന്ന വൈദ്യുതി ലോക്കല്‍ ഗ്രിഡുകള്‍ക്ക് നല്‍കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ആസന്‍ഗാവ് റെയില്‍വേ സ്റ്റേഷന് മധ്യറെയില്‍വേയിലെ ഗ്രീന്‍സ്റ്റേഷന്‍ എന്ന പദവി നല്‍കുന്നതായി ജനറല്‍ മാനേജര്‍ ഡി.കെ. ശര്‍മ ഞായറാഴ്ച പ്രഖ്യാപിച്ചു.

ഇതോടനുബന്ധിച്ചുനടന്ന ചടങ്ങില്‍ ഡിവിഷണല്‍ മാനേജര്‍ എസ്.കെ. ജെയിന്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.