മുംബൈ: അധികാരം മുഴുവൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ കേന്ദ്രീകരിക്കുന്നതാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന് ശിവസേന അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ നടത്തിയ വിമർശം കൃത്യമാണെന്ന് പാർട്ടി മുഖപത്രമായ സാമ്‌ന മുഖപ്രസംഗത്തിൽ പറഞ്ഞു. അധികാരം മുഴുവൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ കേന്ദ്രീകരിക്കുന്നതും മറ്റു മന്ത്രിമാർ ദുർബലരാക്കപ്പെടുന്നതുമാണ് രാജ്യത്ത് സാമ്പത്തിക പരിഷ്കരണ നടപടികൾക്കു തടസ്സമാകുന്നതെന്ന് രഘുറാം രാജൻ ഒരു ലേഖനത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

ഇതു ശരിയാണെന്നും റിസർവ് ബാങ്കിനെയും നീതി ആയോഗിനെയും തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്നും മുഖപ്രസംഗം പറയുന്നു. സമ്പദ് മേഖലയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സാമ്പത്തിക വിദഗ്ധരുടെ ഉപദേശം സ്വീകരിക്കാൻ സർക്കാർ തയ്യാറാവുന്നില്ല. സാമ്പത്തിക രംഗമെന്നാൽ ഓഹരി വിപണിയിലെ ചൂതാട്ടമാണെന്നാണ് അവരുടെ ധാരണ. ഞാൻ ഉള്ളി കഴിക്കാറില്ല, നിങ്ങളും കഴിക്കേണ്ട എന്നതാണ് ധനമന്ത്രി നിർമല സീതാരാമന്റെ പരിഹാരമാർഗം. സ്ഥിതി മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്യുന്നില്ല- മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

Content Highlights: Shiv Sena statement on Financial crisis