പുണെ: പുണെയിലെ സ്വകാര്യ ഇൻഷുറൻസ് ഓഫീസ് ശിവസേനാപ്രവർത്തകർ അടിച്ചുതകർത്തു. പുണെയിലെ കൊറെഗാവ് പാർക്കിലെ ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയെത്തിയ 35- ഓളം ശിവസേനാപ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടത്.

സംസ്ഥാനത്ത് കൃഷിനാശം നേരിടുന്ന കർഷകർക്കുള്ള നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്ന മുദ്രാവാക്യം മുഴക്കിയാണ് ഇവർ അക്രമം തുടങ്ങിയത്. ഓഫീസിൽ അതിക്രമിച്ചുകയറിയ ഇവർ കെട്ടിടത്തിന്റെ ജനലുകളും മറ്റും തകർത്തു. ഓഫീസിലെ കംപ്യൂട്ടർ ലാപ്ടോപ്പുകളും മറ്റു ഫർണിച്ചറും മറ്റും തകർത്തശേഷം പോലീസ് എത്തുന്നതിനുമുൻപ് ഇവർ രക്ഷപ്പെടുകയായിരുന്നു.