മുംബൈ: എൻ.സി.പി. നേതാവ് ശരദ് പവാറിന്റെ 79-ാം ജന്മദിനത്തിൽ പാർട്ടി പ്രവർത്തകരുടെ സ്നേഹാദരങ്ങൾ. നരിമാൻ പോയന്റിലെ വൈ.ബി.ചവാൻ സെന്ററിൽനടന്ന പിറന്നാളാഘോഷത്തിൽ അജിത് പവാർ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളെക്കൂടാതെ ശിവസേനയെ പ്രതിനിധീകരിച്ച് മന്ത്രി സുഭാഷ്‌ ദേശായിയും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. മഹാരാഷ്ട്രയിലെ വിവിധ രാഷ്ട്രീയനേതാക്കളും പവാറിന് ആശംസകൾ നേർന്നു.

ആത്മഹത്യചെയ്ത കർഷകരുടെ കുടുംബത്തെ സഹായിക്കുന്നതിന് പാർട്ടി പ്രവർത്തകർ സ്വരൂപിച്ച 80 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ അദ്ദേഹത്തിന് കൈമാറി. ആത്മഹത്യ ചെയ്ത കർഷകരുടെ ഭാര്യമാർക്ക് 50,000 രൂപവീതം നൽകുമെന്ന് പവാർ അറിയിച്ചു. 1940 ഡിസംബർ 12-ന് പുണെയിലെ ബാരാമതിയിലായിരുന്നു പവാറിന്റെ ജനനം. മഹാരാഷ്ട്രയിലെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു പവാർ. മൂന്നുതവണ അദ്ദേഹം മുഖ്യമന്ത്രിയായി. കേന്ദ്രത്തിലും പ്രധാന വകുപ്പുകൾ കൈകാര്യംചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയപരീക്ഷണമായി മഹവികാസ് അഘാഡി സർക്കാർ രൂപവത്കരണത്തിനുപിന്നിൽ പ്രവർത്തിച്ചതും പവാറായിരുന്നു.