മുംബൈ : കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധിയുമായി ശിവസേനാ നേതാവ്‌ സഞ്‌ജയ്‌ റാവുത്ത്‌ കൂടിക്കാഴ്ച നടത്തി. രാഹുൽ മഹാരാഷ്ട്ര സന്ദർശിക്കുമെന്നും റാവുത്ത്‌ അറിയിച്ചു.

നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ മഹാവികാസ്‌ അഘാഡി സഖ്യം രൂപപ്പെടുവാനുള്ള സാധ്യതതേടിയാണ്‌ റാവുത്ത്‌ രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്‌.

പ്രതിപക്ഷ നേതാക്കൾക്ക്‌ ഡൽഹിയിൽ രാഹുൽഗാന്ധി ഒരുക്കിയവിരുന്നിൽ റാവുത്തും പങ്കെടുത്തിരുന്നു. രാഹുലിനുണ്ടായിരുന്ന പല സംശയങ്ങളും ദുരീകരിക്കാൻ കൂടിക്കാഴ്ചയ്ക്ക്‌ സാധിച്ചിട്ടുണ്ടെന്നും താൻ മഹാരാഷ്ട്രയിൽ ഉടനെ എത്തുമെന്ന്‌ അദ്ദേഹം പറഞ്ഞതായും റാവുത്ത്‌ അറിയിച്ചു.

ശിവസേനയെക്കുറിച്ചും പാർട്ടിസ്ഥാപകൻ ബാൽ താക്കറേയെക്കുറിച്ചും പലകാര്യങ്ങളും രാഹുൽ ചോദിച്ചറിഞ്ഞതായും അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിലെ കാര്യങ്ങൾ പാർട്ടിഅധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറേയെ താൻ ധരിപ്പിച്ചിതായും റാവുത്ത്‌ പറഞ്ഞു.

മഹരാഷ്ട്രയിൽ സഖ്യമില്ലാതെ മത്സരിക്കാൻ പാർട്ടി തയ്യാറെടുപ്പ്‌ നടത്തുകയാണെന്നുള്ള പി.സി.സി. അധ്യക്ഷൻ നാനാപട്ടോളെയുടെ ആവർത്തിച്ചുള്ള പ്രസ്താവനകൾ സഖ്യം തുടരുന്നത്‌ സംബന്ധിച്ച്‌ ഘടകകക്ഷികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. സംസ്ഥാന ഭരണത്തിൽനിന്നും ബി.ജെ.പി. യെ മാറ്റി നിർത്തുന്നതിനു വേണ്ടിയാണ്‌ എൻ.സി.പി. യും കോൺഗ്രസും ചേർന്ന്‌ ശിവസേനയുടെ നേതൃത്വത്തിൽ കൂട്ടുകക്ഷി സർക്കാർ രൂപവത്‌കരിച്ചിരിക്കുന്നതെന്നും അത്‌ സ്ഥിരമായ ഒരു സംവിധാനമായി കരുതാനാവില്ലെന്നും പട്ടോളെ വ്യക്തമാക്കിയിരുന്നു. ബി.എം.സി. തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന വേളയിൽ ഈ പട്ടോളെയുടെ നിലപാട്‌ ശ്രദ്ധേയമായിരുന്നു.

ബി.എം.സി. തിരഞ്ഞെടുപ്പിലും മഹാവികാസ്‌ അഘാഡിസഖ്യം രൂപപ്പെടുത്തിയെടുക്കാൻ ശിവസേന താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌.