മുംബൈ: മുംബൈയില്‍ ദളിത് സംഘടനകളുടെ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. കാലത്ത് മുതല്‍ റോഡ്, റെയില്‍ ഗതാഗതം സ്തംഭിപ്പിച്ചാണ് പ്രതിഷേധം തുടങ്ങിയത്. കാലത്ത് 11.30-ന് ഗോവണ്ടിയിലാണ് ആദ്യം പ്രശ്‌നമുണ്ടായത്. മാര്‍കുര്‍ഡിനും ഗോവണ്ടിയ്ക്കുമിടയില്‍ പ്രതിഷേധക്കാര്‍ തീവണ്ടി തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് പെട്ടെന്നുതന്നെ ഗതാഗത തടസ്സം ഇല്ലാതാക്കി. എന്നാല്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ വീണ്ടും കൂടുതല്‍ പ്രതിഷേധക്കാരെത്തി ഇവിടെ തീവണ്ടി തടയുകയായിരുന്നു. ഇതോടെ ഹാര്‍ബര്‍ ലൈനില്‍ വണ്ടികള്‍ ഓടാതായി. കുര്‍ളയ്ക്കും സി.എസ്.ടി ക്കുമിടയില്‍ മാത്രമാണ് വണ്ടി ഓടിയത്. നിരവധി സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. വൈകീട്ട് അഞ്ചു മണിക്ക് ശേഷമാണ് പനവേലിലേക്ക് വണ്ടികള്‍ ഓടി തുടങ്ങിയത്.

ഉച്ചയ്ക്കുതന്നെ വ്യാപകമായി ദളിത് പ്രവര്‍ത്തകര്‍ എത്തി പലയിടത്തും കടകള്‍ അടപ്പിക്കുന്നുണ്ടായിരുന്നു. ദാദര്‍, ചെമ്പൂര്‍, മുളുണ്ട് എന്നിവിടങ്ങളിലൊക്കെ ഹര്‍ത്താല്‍ അവസ്ഥയില്‍ തന്നെയായി സ്ഥിതി. വൈകീട്ടോടെ ബസുകളും ഓടാതായതോടെ പലര്‍ക്കും വീടുകളിലെത്താന്‍ ബുദ്ധിമുട്ടി. പ്രശ്‌നം രൂക്ഷമായതറിഞ്ഞ് ഓഫീസുകള്‍ നേരത്തേ വിട്ടുതുടങ്ങിയിരുന്നു. വണ്ടി ഓടാതായതോടെ റെയില്‍വെ സ്റ്റേഷനുകള്‍ യാത്രക്കാരെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. മെയിന്‍ ലൈനില്‍ താനെയിലും തീവണ്ടിയ്ക്കു നേരെ കല്ലേറ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പലയിടത്തും റോഡില്‍ സ്ത്രീകളടക്കം കുത്തിയിരുന്നു പ്രതിഷേധിക്കുന്നുണ്ടായിരുന്നു. സ്ൂകളുകള്‍ ഉച്ചയോടെ വിട്ടത് കുട്ടികള്‍ക്ക് സഹായകമായി. എന്നാല്‍ കോളജിലും മറ്റും പഠിക്കുന്നവര്‍ വാഹനം കിട്ടാതെ ഏറെ ബുദ്ധിമുട്ടി.

ഹാര്‍ബര്‍ ലൈന്‍ യാത്രക്കാര്‍ക്ക് ട്രാന്‍സ് ഹാര്‍ബര്‍ ലൈനിലൂടെ യാത്ര ചെയ്യാമെന്ന് റെയില്‍വെയുടെ അറിയിപ്പുണ്ടായിരുന്നെങ്കിലും താനെയില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടത് അതിലൂടെയുള്ള യാത്രയും മുടക്കി.

ചെമ്പൂര്‍, ഗോവണ്ടി, പരേല്‍, തുടങ്ങി നഗരത്തിന്റെ പല ഭാഗത്തും പ്രതിഷേധക്കാര്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയുണ്ടായി. പൊലീസിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞുമില്ല. എന്നാല്‍ പല ഭാഗത്തും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയയ്ക്കാന്‍ വേണ്ടിയായി പിന്നീടുള്ള പ്രതിഷേധം. വൈകീട്ടോടെയാണ് പ്രതിഷേധം ആറി തണുത്തത്. ബുധനാഴ്ച ബന്ദ് പ്രഖ്യാപിച്ചതിനാല്‍ ഓഫീസ് ജീവനക്കാരില്‍ നല്ലൊരു വിഭാഗവും പുറത്തിറങ്ങാന്‍ സാധ്യതയില്ല.