പുണെ: പുണെയിലെ ഹൗസിങ് സൊസൈറ്റികളില്‍ ജൈവവളം ഉപയോഗിച്ചുകൊണ്ടുള്ള പച്ചക്കറി കൃഷിക്കുള്ള ഹരിതാമൃതം പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം മാതാ അമൃതാനന്ദമയി പുണെയില്‍ നിര്‍വഹിച്ചു. അമൃതാനന്ദമയി മഠത്തിന്റെ യുവ സംഘടനയായ 'അയുധ് ' നടത്തുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ പുണെയിലെ 6000-ത്തോളം വീടുകളില്‍ പച്ചക്കറിത്തോട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഭാരതയാത്രയുടെ ഭാഗമായി അമ്മയുടെ പുണെയിലെ കഴിഞ്ഞ രണ്ടുദിവസത്തെ സന്ദര്‍ശനത്തിലാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചത്.

പുണെയിലെ ശിവസേനയുടെ ലോക് സഭാംഗം ശ്രീരംഗ് ബര്‍ണെ, നളന്ദ അന്താരാഷ്ട്ര സര്‍വകലാശാലയുടെ ചാന്‍സലര്‍ ഡോ.വിജയ് ഭട്കര്‍ തുടങ്ങിയവര്‍ക്ക് പച്ചക്കറിെത്തെകള്‍ നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. കീടനാശിനികള്‍ ഉപയോഗിക്കാതെ സ്വന്തം തോട്ടത്തില്‍ പച്ചക്കറി വളര്‍ത്താന്‍ സാധ്യമാണെന്ന് തെളിയിച്ച ഹരിതാമൃതം പദ്ധതിയുടെ ഒന്നാംഘട്ടം വന്‍ വിജയമാണെന്ന് ഡോ. വിജയ് ഭട്കര്‍ ചടങ്ങില്‍ പറഞ്ഞു. കീടനാശിനികളില്ലാത്ത പച്ചക്കറി ഫ്‌ലാറ്റുകളിലും വളര്‍ത്താന്‍ സാധ്യമാണെന്ന് 2016-ലെ പുണെ സന്ദര്‍ശനത്തില്‍ അമ്മ പറഞ്ഞതനുസരിച്ചാണ് ഹരിതാമൃതം പദ്ധതിയുടെ ഒന്നാം ഘട്ടം നേരത്തേ ഇവിടെ തുടങ്ങിയത്. 2016 ജൂണ്‍ അഞ്ച് മുതല്‍ തുടങ്ങിയ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 5000 വീടുകളിലുള്ള കൃഷിത്തോട്ടമാണ് ലക്ഷ്യമിട്ടിരുന്നത്. കാല്‍ ലക്ഷത്തോളം പേരിലേക്ക് ഈ സന്ദേശം എത്തിക്കാന്‍ 50-ലേറെ ശില്‍പശാലകളും ഇവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.