അരുൺ ഗാഡ്രെപുണെ: പൂണെയിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റും എഴുത്തുകാരനുമായ ഡോ.അരുൺ ഗാഡ്രെയെ ഞായറാഴ്ച രാവിലെ ഡൽഹിയിൽ കൊണാട്ട്പ്ലേസിൽ ഒരു സംഘം യുവാക്കൾ നിർബന്ധിപ്പിച്ച് ജയ് ശ്രീരാം വിളിപ്പിച്ചു.

കഴിഞ്ഞ ഞായറാഴ്ച രാവിലെ ആറിന് പ്രഭാതസവാരിക്കിടെയാണ് ഹനുമാൻ മന്ദിറിനടുത്തുവെച്ചു ഒരു കൂട്ടം ചെറുപ്പക്കാർ തടഞ്ഞുവെച്ചു ജയ് ശ്രീരാം വിളിക്കാൻ ആവശ്യപ്പെട്ടത് ജയ് ശ്രീരാം എന്ന് പറഞ്ഞെങ്കിലും കൂടുതൽ ഉച്ചത്തിൽ വിളിക്കാൻ അവർ നിർബന്ധിച്ചു. അതിനുകൂട്ടാക്കാതെ അവിടെനിന്ന് മടങ്ങിയെന്നാണ് ഡോ. അരുൺ ഗാഡ്രെ ബാല്യകാല സുഹൃത്തും പത്രപ്രവർത്തകനുമായ അനന്ത് ബഗൈത്കറോട് പറഞ്ഞത്. സംഭവത്തെ കാര്യമായെടുക്കേണ്ടതില്ലെന്നും അതിനാൽതന്നെ പോലീസിൽ പരാതി നൽകുന്നില്ലെന്നുമാണ് ഡോ. ഗാഡ്രെയുടെ നിലപാട്

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ അരുൺ ഗാഡ്രെ ജന്തർമന്തറിന് സമീപം വൈ.എം.സി.എ.യിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച പുണെയിൽ തിരിച്ചെത്തിയ ഡോ.അരുൺ ഗാഡ്രെ ഈ സംഭവം തന്നെ ഞെട്ടിച്ചെന്ന് പറഞ്ഞു. അവർ തന്നെ ദേഹോപദ്രവമൊന്നുമേൽപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ യുവാക്കൾ ഏതെങ്കിലും പ്രത്യേക കാരണത്താൽ തന്നെ ലക്ഷ്യമിട്ടതാകാൻ വഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ 61 വർഷത്തെ ജീവിതത്തിൽ ഇത്തരം സംഭവം ആദ്യമായാണെന്നും ജാതിയുടെയോ മതത്തിന്റെയോ പേരിൽ രാജ്യത്ത് ആരും അപഹസിക്കപ്പെടരുതെന്നും സർക്കാരും രാഷ്ട്രീയ പാർട്ടികളും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. അരുൺ ഗാഡ്രെ രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കൽ, സർവലോക ആരോഗ്യരക്ഷ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ നിയന്ത്രിക്കൽ തുടങ്ങിയവയുടെ ശക്തനായ വക്താവാണ്. ബാബ ആംതെയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലകളിൽ ഭാര്യ ഡോ. ജ്യോത്സ്‌ന ഗാഡ്രെയുമൊത്ത് 30 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. ആരോഗ്യരംഗത്തെ ധാർമിക ശോഷണത്തേയും മൂല്യാധിഷ്ഠിത നിലപാടുകളിലെ ഇടിവിനെക്കുറിച്ചും പ്രതിബാധിക്കുന്ന ഡിസന്റിങ് ഡയഗ്നോസിസ് എന്ന ശ്രദ്ധയമായ പുസ്തകം ഡോ.അഭയ് ശുക്ലയോടൊത്ത് രചിച്ചിട്ടുണ്ട്.

Content Highlights: Pune doctor accosted in Delhi, asked to chant Jai Shri Ram