പുണെ: സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുണെ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ്, എൻ.സി.പി. സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. സ്ഥാനാർഥികളായി പരിഗണിക്കപ്പെടുന്ന മോഹൻ ജോഷി, അരവിന്ദ് ഷിൻഡെ, പ്രവീൺ ഗെയ്ക്ക്‌വാദ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കസബപേട്ട് ഗണപതി ക്ഷേത്രത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . കോൺഗ്രസ്, എൻ.സി.പി, പി. ഡബ്ലിയു.പി. നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഏപ്രിൽ നാലിനാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഏപ്രിൽ 23-നാണ് പുണെയിൽ തിരഞ്ഞെടുപ്പ്.

ബി.ജെ.പി. സ്ഥാനാർഥിയായ ഗിരീഷ് ബാപ്പട് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറെ മുന്നിലാണ്. ഈ സാഹചര്യത്തിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് കാത്തു നിൽക്കാതെ പ്രചാരണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കോൺഗ്രസ് എൻ.സി.പി. ജില്ലാ നേതാക്കൾ തീരുമാനിച്ചത്. ദേശീയനേതൃത്വം നിർദേശിക്കുന്ന സ്ഥാനാർഥിയെ അംഗീകരിക്കുമെന്നും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സ്ഥാനാർഥിത്വത്തിനായി പരിഗണിച്ചവർ തമ്മിൽ ധാരണയിലെത്തിയതായി കോൺഗ്രസ് ജില്ലാപ്രസിഡന്റ് രമേശ് ബാഗ്‌വേ പറഞ്ഞു. കഴിഞ്ഞതവണയും നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് രണ്ടുദിവസം മുൻപ് മാത്രമാണ് പുണെയിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.