പുണെ: ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ അണ്ടർ വാട്ടർവിങ് തയ്യാറെടുപ്പ് തുടങ്ങിയതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്ന് നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ് വെളിപ്പെടുത്തി. പുണെയിൽ ജനറൽ ബി.സി. ജോഷി അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലിന് അടിയിലൂടെ ഇന്ത്യയെ ആക്രമിക്കാൻ എത്തുക എന്നതാണ് പാക് ഭീകര സംഘടനയുടെ ലക്ഷ്യം.

കടൽമാർഗമുള്ള ഏതാക്രമണത്തെയും നേരിടാൻ ഇന്ത്യൻ നാവികസേന എപ്പോഴും സുസജ്ജമാണ്. പുൽവാമ സംഭവത്തിനുശേഷം പാക് ഭീകരസംഘടനകൾ അവരുടെ പ്രവർത്തന ശൈലിയിൽ പുതിയ മാറ്റങ്ങൾക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട് എന്ന്‌ രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. സമുദ്രത്തിനടിയിൽക്കൂടി ചാവേറാക്രമണം നടത്താനുള്ള പരിശീലനം ഇതിന്റെ ഭാഗമായാണ് ജയ്ഷെ മുഹമ്മദ് നടത്തുന്നത്. പാകിസ്താന്റെ ഇത്തരം ഏത് ഭീകരാക്രമ നീക്കത്തെയും ഇന്ത്യ ചെറുത്ത് തോൽപ്പിക്കും.

തീരദേശ പോലീസ്, തീര സംരക്ഷണസേന, നാവികസേന എന്നിവയെ ഏകോപിപ്പിച്ച്‌ അതിശക്തമായ സുരക്ഷാ സംവിധാനമാണ് ഇവിടെ ഇപ്പോൾ നിലവിലുള്ളത്. രാജ്യസുരക്ഷയ്ക്ക് ഹാനികരമായ പാക്കിസ്താന്റെ ഏതു പ്രവൃത്തിയെയും ചെറുക്കാൻ ഇന്ത്യൻ സുരക്ഷാസേന തയ്യാറാണെന്നും അഡ്മിറൽ കരംബീർ സിങ് പറഞ്ഞു. സാവിത്രീ ഫായ്ഫുലെ പുണെ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ നിതിൻ കർമാൽക്കർ, ഇന്ത്യൻ കരസേനയുടെ ദക്ഷിണമേഖലാ മേധാവി ജനറൽ എസ്.കെ. സൈനി എന്നിവരും ചടങ്ങിൽ സംസാരിച്ചു.