പുണെ: പുണെയിലെ മലയാളി റിട്ട. ഉദ്യോഗസ്ഥയെ കഴുത്തറുത്തു കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവല്ല അഴിയിടത്ത് ചിറ സ്വദേശിയായ രാധാമാധവന്‍ നായരാ(71)ണ് രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് പുണെയിലെ വീട്ടില്‍ കൊല്ലപ്പെട്ടത്. പുണെ സ്വദേശികളും പരിചയക്കാരുമായ മനീഷ് യോഗേഷ്ചഡ്ഡ (46), മകള്‍ അമന്‍ മനീഷ് ഛഡ്ഡ (16) എന്നിവരെ ജാര്‍ഖണ്ഡില്‍ വെച്ചാണ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ സമീര്‍ ഷെയ്ക്കിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. സംഭവസ്ഥലത്തെ സി.സി.ടി.വി. ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ തിരച്ചിലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

രാധാമാധവന്‍ നായരുടെ വീട്ടില്‍ നിന്ന് പ്രതികള്‍ ഒന്നരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചിരുന്നു. പുണെയിലെ രംകാ ജൂവലേഴ്‌സില്‍ നിന്ന് പോലീസ് ഇവ കണ്ടെത്തി. ഇവരോടൊപ്പം ഉണ്ടായിരുന്ന മനീഷ് യോഗേഷ് ഛഡ്ഡയുടെ മകള്‍ യുക്തയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബര്‍ 30-ന് പുണെയില്‍ വിശ്രാന്തവാടി ഭൈരവ് നഗറിലെ അംബെനഗരി സൊസൈറ്റിയിലെ സ്വന്തം ഫ്‌ളാറ്റില്‍ രാത്രി ഒമ്പത് മണിയോടെയാണ് രാധാമാധവന്‍ നായരുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെത്തിയ മകളും ഭര്‍ത്താവും അകത്തുനിന്ന് വാതില്‍ തുറക്കാത്തതിനാല്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹം ഇവര്‍ കണ്ടെത്തിയത്. സുരക്ഷാസേനയുടെ ഗവേഷണവിഭാഗത്തില്‍ ഉദ്യോഗസ്ഥയായിരുന്നു. രാധാമാധവന്‍ നായരുടെ ഭര്‍ത്താവും കോഴിക്കോട് ചേവായൂര്‍ സ്വദേശിയുമായ മാധവന്‍ നായര്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മരിച്ചത്. രാധാമാധവന്‍ നായര്‍ തനിച്ചായിരുന്നു സംഭവം നടന്ന ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. കേസന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് വിശ്രാന്തവാടി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എ.എസ്. ഹംസയുടെയും മറ്റും നേതൃത്വത്തില്‍ പുണെ മലയാളികള്‍ നിരന്തരമായി പോലീസുമായി ബന്ധപ്പെട്ടിരുന്നു.

വിശ്രാന്തവാടി പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സംഗീതപാട്ടീല്‍, സബ് ഇന്‍സ്‌പെക്ടര്‍ മൊഹിതെ, നിതിന്‍ ബോസ്ലെ പാട്ടീല്‍, ഗോര്‍ഡെ, ചൗഗ്ലെ, ശിവശങ്കര്‍ കാംബ്ലെ, ഹവീല്‍ദാര്‍ ദിന്‍കര്‍ ലോകണ്ടെ എന്നിവരാണ് കേസന്വേഷണത്തില്‍ അസി. കമ്മിഷണര്‍ സമീര്‍ ഷെയ്ക്കിനോടൊപ്പം ഉണ്ടായിരുന്നത്.