പുണെ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മിഷന്‍ ബോര്‍ഡിന്റെ കീഴില്‍ ദെഹുറോഡ് മാമുര്‍ഡി തോമസ് കോളനിയില്‍ സ്ഥിതിചെയ്യുന്ന സെയ്ന്റ് ജോര്‍ജ് ബാലികാഗ്രാമിന്റെ രജതജൂബിലി ആഘോഷങ്ങള്‍ മുംബൈ ഭദ്രാസന മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ബാലികാഗ്രാമിന്റെ സ്ഥാപകനായ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പൊലീത്തയുടെ ജീവിത ദര്‍ശനങ്ങളെക്കുറിച്ച് കോട്ടയം വൈദിക സെമിനാരി ഡീനും സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറലുമായ ഫാ. റെജി മാത്യു പഠന ക്ലാസ് നയിച്ചു. യൗനാന്‍ മുളമൂട്ടില്‍ കോര്‍ എപ്പിസ്‌കോപ്പ മാര്‍ ഒസ്താത്തിയോസ് അനുസ്മരണപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ജേക്കബ് കോശി രജതജൂബിലി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സാഹിത്യകാരനായ തോമസ് നീലാര്‍മഠം, മുംബൈ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ജനറല്‍ സെക്രട്ടറി സുമന്‍ എബ്രഹാം എന്നിവര്‍ സംസാരിച്ചു .
 
ഫാ. സജീവ് കെ. വര്‍ഗീസ് സ്വാഗതവും സിസ്റ്റര്‍ എലിസബത്ത് നന്ദിയും പറഞ്ഞു. ചടങ്ങില്‍ രജതജൂബിലി ആഘോഷങ്ങളുടെ ജൂബിലി പത്രിക മുംബൈ ഭദ്രാസന മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പ്രകാശനം ചെയ്തു. കുഷ്ഠരോഗികളുടെ പെണ്‍മക്കളുടെ പുനരധിവാസം, വിദ്യാഭ്യാസം, വ്യക്തിത്വവികസനം, ഭാവിസുരക്ഷ എന്നിവ ലക്ഷ്യമാക്കി പുതുപ്പാടി സെയ്ന്റ് പോള്‍സ് കോണ്‍വെന്റിലെ കന്യാസ്ത്രീകളാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആധ്യാത്മിക സമ്മേളനങ്ങള്‍, ആരോഗ്യ പരിപാലന ബോധവത്കരണ സെമിനാറുകള്‍, വൈദ്യപരിശോധന ക്യാമ്പുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.