പുണെ: ജാതി-മത-രാഷ്ട്രീയ-ദേശഭേദമെന്യേ ജനങ്ങളെ ഒന്നിപ്പിക്കാന്‍ കലകള്‍ക്കുമാത്രമേ കഴിയൂ എന്ന് പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ പറഞ്ഞു. ചിഞ്ച്വാഡ് മലയാളിസമാജം ഏര്‍പ്പെടുത്തിയ സി.എം.എസ്. പഞ്ചസഹസ്രവേദി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടന്‍തുള്ളലിന് ഇതുവരെ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്നും ഓട്ടന്‍തുള്ളലിനെ അവഗണിക്കുകയാണെന്നും തുള്ളല്‍ കലാകാരന്മാര്‍ക്കുവേണ്ട പ്രോത്സാഹനമോ അംഗീകാരമോ നല്കാന്‍ ഭരണാധികാരികള്‍ തയ്യാറാവുന്നില്ലെന്നും കലാമണ്ഡലം ഗീതാനന്ദന്‍ കുറ്റപ്പെടുത്തി .
 
അകുര്‍ഡി സി.എം.എസ്. കേരളഭവനില്‍വെച്ചുനടന്ന ചിഞ്ച്വാഡ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള കേരളപ്പിറവി ദിനാഘോഷത്തില്‍ വെച്ച് പൂനവാല ഗ്രൂപ്പ് ഡയറക്ടര്‍ പി.സി. നമ്പ്യാരാണ് കലാമണ്ഡലം ഗീതാനന്ദന് പുരസ്‌കാരം സമ്മാനിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി അയ്യായിരത്തിലധികം വേദികളില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചതിനാണ് കലാമണ്ഡലം ഗീതാനന്ദനെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് തുടര്‍ന്ന് പുണെയിലെ വിവിധ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഗീതാനന്ദന് പൗരസ്വീകരണംനല്‍കി. പുണെ മലയാളി ഫെഡറേഷന്‍, മലയാളം മിഷന്‍, നിഗഡി മലയാളി സമാജം, മലയാളി കള്‍ച്ചറല്‍ സൊസൈറ്റി ചിക്കലി, വിശ്രാന്തവാടി മലയാളി അസോസിയേഷന്‍, പുണെ കേരളസമാജം, ശ്രീകൃഷ്ണ ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ നിഗഡി, ശ്രീനാരായണഗുരുസമിതി, എന്‍.എസ്.എസ്. തുടങ്ങിയ സംഘടനാ ഭാരവാഹികള്‍ ഗീതാനന്ദനെ ആദരിച്ചു .
 
ചിഞ്ച് വാഡ് മലയാളിസമാജം പ്രസിഡന്റ് പി.വി. ഭാസ്‌കരന്‍, ജനറല്‍ സെക്രട്ടറി ടി.പി. വിജയന്‍, ഖജാന്‍ജി കെ.വി. ജനാര്‍ദനന്‍, വൈസ് പ്രസിഡന്റുമാരായ രഘുനാഥ്, പി. ശ്രീനിവാസന്‍, ജോയന്റ് സെക്രട്ടറിമാരായ അജയകുമാര്‍, ജ്യോതിദിനരാജ്, കലാവിഭാഗം കണ്‍വീനര്‍ കരുണാകരന്‍, വനിതാവിഭാഗം കണ്‍വീനര്‍ പ്രമീള പീതാംബരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് കലാമണ്ഡലം ശ്രീലക്ഷ്മി ഗീതാനന്ദന്‍ മോഹിനിയാട്ടവും കലാമണ്ഡലം ഗീതാനന്ദനും സംഘവും കല്യാണസൗഗന്ധികം ഓട്ടന്‍തുള്ളലും അവതരിപ്പിച്ചു.