പുണെ: ലോക്‌സഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പിൽ ചൊവ്വാഴ്ച പുണെയിലെ ഉയർന്ന താപനിലയും പോളിങ് ശതമാനവും ഒപ്പത്തിനൊപ്പം. ദിവസത്തെ ഉയർന്ന താപനില 40 ഡിഗ്രിയും വോട്ടിങ് ശതമാനം 43.6 ശതമാനവുമാണ് വൈകുന്നേരം ആറു മണി വരെ സൂചിപ്പിക്കപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർഥി സുരേഷ് കൽമാഡി ജയിച്ച കനത്ത ചൂട് കാരണമാണ് പോളിങ് കുറഞ്ഞതെന്ന് പാർട്ടി നേതാക്കൾ ഒരുപോലെ കരുതുമ്പോൾ വോട്ടർമാരുടെ പ്രതികരണം വ്യത്യസ്തമാണ്. മുൻകാലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ അപേക്ഷിച്ച് വോട്ടർമാരെ നേരിൽക്കണ്ടുള്ള വോട്ടഭ്യർഥന ഇത്തവണ കുറവായിരുന്നുവെന്നാണ് ഇവരുടെ വിലയിരുത്തൽ. അനിൽശിരോളെയ്ക്ക് പകരം ബി.ജെ.പി.യുടെ സ്ഥാനാർഥിയായി ഇത്തവണ എത്തിയ സംസ്ഥാന മന്ത്രി ഗിരീഷ് ബാപ്പട്ട് ഔദ്യോഗിക ഉത്തരവാദിത്വം പറഞ്ഞ് പ്രചാരണ യോഗങ്ങളിൽപ്പോലും പിന്നിലായിരുന്നു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി കെ.സി. വേണുഗോപാലും ബി.ജെ.പി.യുടെ പ്രചാരണത്തിനായി പി.കെ. കൃഷ്ണദാസടക്കമുള്ള ഉന്നതനേതാക്കളും പങ്കെടുത്തിരുന്നു. എങ്കിലും 2014-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ അപേക്ഷിച്ച് പുണെയിലെ മലയാളികളുടെ പതിവ് പ്രചാരണയോഗങ്ങളും ഇത്തവണ കുറവായിരുന്നു.

1000-ൽപ്പരം മലയാളികൾ പങ്കെടുത്ത ഇത്തവണത്തെ വിഷു ആഘോഷത്തിൽ പ്രധാന ആകർഷണമായി ഗിരീഷ് ബാപ്പട്ടിനെ സംഘാടകർ ഉയർത്തിയെങ്കിലും പകരക്കാരനായി തന്റെ മകനെയാണ് ബാപ്പട്ട് ചടങ്ങിൽ അയച്ചത്. മാധയിലെ പ്രചാരണത്തിന്റെ ഭാഗമായി പുണെയിൽ രാത്രി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കേണ്ട ഉത്തരവാദിത്വം കാരണമാണ് ഗിരീഷ് ബാപ്പട്ടിന് എത്താൻ പറ്റാതിരുന്നതെന്ന വിശദീകരണമാണ് സംഘാടകർ പിന്നീട് നൽകിയത്. ദീർഘകാലത്തിന് ശേഷം എൻ.സി.പി. യുടെ പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണവും പൊതു സമ്മേളങ്ങൾക്ക് മാത്രമാണ് പ്രാധാന്യം നൽകിയത് എന്നാണ് വോട്ടർമാരുടെ പൊതുവേയുള്ള അഭിപ്രായം.

എന്നാൽ, തങ്ങളുടെ ഇത്തവണത്തെ സ്ഥാനാർഥി മോഹൻ ജോഷിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുൻകാലങ്ങളെക്കാൾ മെച്ചപ്പെട്ടതാണെന്നാണ് മഹാരാഷ്ടപ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗവും പുണെ മലയാളിയുമായ ഷാനി നൗഷാദ് ഇതേക്കുറിച്ച് പ്രതികരിച്ചത്. പൊതുവേ സമ്മതിദായകർക്ക് തിരഞ്ഞെടുപ്പിന് മുൻപ് സ്ഥാനാർഥികൾ നൽകാറുള്ള പ്രാധാന്യം നഷ്ടപ്പെട്ട പ്രതീതിയാണ് ഇത്തവണ പുണെയിലെ വോട്ടെടുപ്പിൽ പ്രകടമായ മറ്റൊരു കാര്യം.

വീടുതോറും വിതരണം ചെയ്യാറുണ്ടായിരുന്ന പ്രധാന പാർട്ടിക്കാരുടെ ലഘുലേഖകൾ ഏറ്റവും കുറഞ്ഞ ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത് എന്നാണ് പുണെയിൽ കല്യാൺനഗറിലെ ഒരു പോളിങ് ബൂത്തിൽ വോട്ടിങ്ങിനെത്തിയ ചില ഉന്നത പൗരന്മാരും ഒരുപോലെ പറഞ്ഞത്. വോട്ടിങ് സ്ലിപ്പുകളുടെ വിതരണം നേരത്തേ നടക്കാഞ്ഞതിനാൽ പലരും വോട്ട് രേഖപ്പെടുത്താതെ തിരിച്ചുപോകുന്ന കാഴ്ചയാണ് ഇവിടെയുണ്ടായത്. ഒട്ടേറെ വോട്ടർമാരുടെ പേരുകളും ഇത്തവണ ഇവിടെ വോട്ടർ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നും ആരോപണമുണ്ട്. വെയിലിന്റെ കാഠിന്യം ഒഴിവാക്കി നേരത്തേ തന്നെ പതിവുള്ള വോട്ടിടൽ ഇത്തവണ പുണെയിലെ മിക്ക ബൂത്തുകളിലും കറവായിരിന്നുവെന്ന വസ്തുതയാണ് തിരഞ്ഞെടുപ്പ് കണക്കുകളും സൂചിപ്പിക്കുന്നത്. 14 ശതമാനം മാത്രമാണ് ഉച്ചയ്ക്ക് ഒരു മണി വരെയുള്ള വോട്ടിങ് ശതമാനം. രണ്ട്‌ മണിയോടെ പോളിങ് 22 ശതമാനമായി വർധിച്ചു. മൂന്നു മണിയോടെ 33 ശതമാനത്തിലെത്തിയ വോട്ടിങ് അവസാന ഘട്ടത്തിൽ 43.6 ശതമാനമായി ഉയർന്നു.