മുംബൈ: നവിമുംബൈ വിമാനത്താവളത്തിന്റെ നിര്‍മാണം ജെ.വി.കെ. ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള മുംബൈ ഇന്റര്‍നാഷണല്‍ എയര്‍േപാര്‍ട്ട് ലിമിറ്റഡിന് (മിയാല്‍) നല്‍കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. എട്ടുമാസം മുമ്പാണ് നോഡല്‍ ഏജന്‍സിയായ സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (സിഡ്‌കോ) മിയാലിന്റെ ലേലം ഉറപ്പിച്ചത്.

മുംബൈ നഗരത്തിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് നവിമുംബൈ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം. 16,000 കോടിരൂപ ചെലവിട്ട് 1160 ഹെക്ടര്‍ സ്ഥലത്താണ് നിര്‍മിക്കുന്നത്. 2019- ല്‍ ആദ്യഘട്ടം പൂര്‍ത്തിയാകും. 2020-ല്‍ വിമാനസര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനസര്‍ക്കാറിന്റെ അംഗീകാരമായതോടെ പുതിയ കമ്പനി നിലവില്‍ വരും. മിയാലിന് 74 ശതമാനവും സിഡ്‌കോയ്ക്ക് 24 ശതമാനവും ഓഹരി പങ്കാളിത്തം പുതിയ കമ്പനിയിലുണ്ടാകും.വരുമാനത്തിന്റെ 13 ശതമാനം സിഡ്‌കോയ്ക്ക് ലഭിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സിഡ്‌കോയ്ക്ക് 3420 കോടി മിയാല്‍ നല്‍കണം.

സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തോടുകൂടി പദ്ധതിക്ക് വേണ്ട എല്ലാ അനുമതികളുമായി. കേന്ദ്രപരിസ്ഥിതി- വനവകുപ്പുകളുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു. വിമാനത്താവളത്തിന്റെ നിര്‍മാണത്തിനായി 250 ഹെക്ടര്‍ വനഭൂമി ഏറ്റെടുത്തിരുന്നു. ഇതിനുപകരം ഖപ്പോളിക്ക് സമീപമുള്ള സുധാഘട്ടില്‍ 250 ഹെക്ടര്‍ സ്ഥലത്ത് വനവത്കരണം നടത്തുമെന്ന് സിഡ്‌കോ ഉറപ്പു നല്‍കിയതോടെയാണ് പരിസ്ഥിതി- വനം വകുപ്പുകളില്‍ നിന്നുമുള്ള അനുമതി ലഭിച്ചത്. കോലിക്കര്‍, കാമോത്തെ എന്നിവടങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിക്കുന്ന ജോലി തുടങ്ങിയിട്ടുണ്ടെന്ന് സിഡ്‌കോ അറിയിച്ചു.