പുണെ: മലയാള സിനിമകൾക്ക് കൂടുതൽ പ്രാധാന്യം നൽകി നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ (എൻ.എഫ്.എ.ഐ.) ഈ വർഷത്തെ കലണ്ടർ. കലണ്ടറിലെ മൂന്നുമാസങ്ങളിലെ മുഖചിത്രങ്ങൾ മലയാളസിനിമയിലെ രംഗങ്ങളാണ്. എം.ടി. വാസുദേവൻ നായർ ആദ്യമായി സംവിധാനം ചെയ്ത നിർമാല്യം (1973) സിനിമയിലെ പി.ജെ. ആൻറണിയുടെ വെളിച്ചപ്പാടിന്റെ ചിത്രത്തോടെയാണ് വർഷാരംഭം. ഭരത് ഗോപി (കൊടിയേറ്റം-സംവിധാനം അടൂർ ഗോപാലകൃഷ്ണൻ 1977) മോനിഷ ഉണ്ണി (നഖക്ഷതങ്ങൾ- സംവിധാനം ഹരിഹരൻ 1986) എന്നിവരുടെ ചിത്രങ്ങളും കലണ്ടറിലെ മറ്റ് രണ്ടുമാസങ്ങളിൽ ചേർത്തിട്ടുണ്ട്.
എം.ജി. രാമചന്ദ്രൻ (റിക്ഷക്കാരൻ, തമിഴ് -1971), എം.വി. വാസുദേവ റാവു (ചൊമന ദുഡി, കന്നഡ- 1975 ) ഉത്തംകുമാർ (ആന്റണി ഫിറിംഗി, ബംഗാളി- 1967) രഹ്ന സുൽത്താന (ദസ്തക്, ഹിന്ദി - 1970), ലക്ഷ്മി (സില നേരംഗളിലെ സില മനിതർ,തമിഴ് - 1976), അർച്ചന (ദാസി, തെലുങ്ക് - 1988), മാധബി മുഖർജി (ദിബ രാത്രിർ കബ്യ, ബംഗാളി- 1970), നന്ദിനി ഭക്തവത്സല (കാട്, കന്നഡ -1973), സ്മിത പാട്ടീൽ (ഭൂമിക, ഹിന്ദി - 1977) എന്നിവരാണ് മറ്റ് ഒമ്പതുമാസങ്ങളിലെ മുഖചിത്രങ്ങൾ.
സംവിധായകൻ സുഭാഷ് ഗായ്, ഫിലിം ആർക്കൈവ് ഡയറക്ടർ പ്രകാശ് മഗ്ദും എന്നിവർ ചേർന്നാണ് ശനിയാഴ്ച ഓൺലൈനായി കലണ്ടർ പ്രകാശനംചെയ്തത്. www.nfai.gov.in-ൽ ഓൺലൈൻ ആയി എൻ.എഫ്.എ.ഐ.യുടെ കലണ്ടർ ലഭ്യമാണ്.
Content Highlights: National Film Archive of India Calendar