മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സ്വാഭിമാന്‍ പാര്‍ട്ടിയെ എന്‍.ഡി.എ.യുടെ ഘടകകക്ഷിയാക്കുന്നതിനെ ശിവസേന എതിര്‍ക്കും. സ്വാഭിമാന്‍ പാര്‍ട്ടിയെ എന്‍.ഡി.എ.യുടെ ഘടകക്ഷിയാക്കി നാരായണ്‍ റാണെയെ സംസ്ഥാന മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ബി.ജെ.പി.യുടെ നീക്കം.

ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ പ്രധാനനേതാക്കളുടെ യോഗമാണ് റാണെയുടെ പാര്‍ട്ടിയെ എന്‍.ഡി.എ.യിലെടുക്കുന്നതിനെ എതിര്‍ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ശിവസേനയുടെ എതിര്‍പ്പിനെ മറികടന്ന് ബി.ജെ.പി. എന്‍.ഡി.എ. ഘടകകക്ഷിയാക്കുകയാണെങ്കില്‍ ഉദ്ദവ് താക്കറെ പാര്‍ട്ടിയുടെ നിലപാട് അപ്പോള്‍ പ്രഖ്യാപിക്കുമെന്ന് സേനാവക്താവ് ഹര്‍ഷല്‍ പ്രധാന്‍ പറഞ്ഞു.

കൊങ്കണ്‍ മേഖലയില്‍ ശിവസേനയുടെ പ്രധാന എതിരാളിയാണ് റാണെ. ശിവസേനയെ കൊങ്കണില്‍ നേരിടുന്നതിനാണ് ബി.ജെ.പി. റാണെയെ പാര്‍ട്ടിയുടെ ഭാഗത്തേക്ക് അടുപ്പിച്ചിരിക്കുന്നത്. ഒരിക്കല്‍ ശിവസേനയിലായിരുന്ന റാണെ പാര്‍ട്ടിയില്‍നിന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നെങ്കിലും ഉദ്ദവിന്റെ നേതൃത്വത്തെ ചോദ്യംചെയ്തതോടെ പുറത്താകുകയായിരുന്നു. നിയമസഭാ കൗണ്‍സിലിലേക്ക് റാണെ മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിനെതിരേ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യവും ശിവസേന പരിഗണിക്കുന്നു. എം.എല്‍.സി. തിരഞ്ഞെടുപ്പില്‍ റാണെ മത്സരിക്കുകയാണെങ്കില്‍ ജയിക്കാന്‍ 145 എം.എല്‍.എ. മാരുടെ വോട്ടുകള്‍ വേണം. 288 അംഗ നിയമസഭയില്‍ ബി.ജെപി.യുടെ അംഗബലം 122 ആണ്. ചെറിയ കക്ഷികളുടേയും സ്വതന്ത്രന്‍മാരുടേയും പിന്തുണ ലഭിക്കുകയാണെങ്കില്‍ വോട്ടുകളുടെ എണ്ണം 136 ആയി ഉയരാം. എന്നാല്‍ ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പി.യും ചേര്‍ന്ന് പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ അത്തരമൊരു സഖ്യത്തിന് 146 എം.എല്‍.എ.മാരുടെ പിന്തുണ ലഭിക്കും.