മുംബൈ: അഭിമാനം കാക്കാന്‍ സ്വന്തമായി പാര്‍ട്ടി ഉണ്ടാക്കിയ നാരായണ്‍ റാണെയ്ക്കുമുന്നില്‍ വെല്ലുവിളികളേറെ. കേവലമൊരു പ്രദേശികകക്ഷി നേതാവായിമാറുന്നതോടെ മുഖ്യമന്ത്രിസ്ഥാനത്തിരുന്ന റാണെയുടെ രാഷ്ട്രീയപ്രതാപം മങ്ങിയതായി രാഷ്ട്രീയവിമര്‍ശകര്‍ പറയുന്നു. കഴിഞ്ഞദിവസമാണ് അദ്ദേഹം മഹാരാഷ്ട്ര സ്വാഭിമാന്‍ പാര്‍ട്ടി പ്രഖ്യാപിച്ചത്.
 
കൊങ്കണ്‍ മേഖലയില്‍ ശിവസേനയെ വെല്ലാന്‍ ബി.ജെ.പി. റാണെയെ കരുവാക്കിയിരിക്കുകയാണെന്നാണ് എതിരാളികളുടെ പ്രധാന ആക്ഷേപം. ഇതു മറികടക്കാന്‍ അടുത്ത നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ കൊങ്കണ്‍ മേഖലയില്‍ റാണെയ്ക്കും മക്കള്‍ക്കും വിജയം അനിവാര്യമാണ്. ബി.ജെ.പി.ക്ക് കൊങ്കണ്‍ മേഖലയില്‍ ശക്തരായ നേതാക്കളില്ലാത്ത സാഹചര്യത്തില്‍ അവര്‍ റാണെയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കെ മക്കളുടെ രാഷ്ട്രീയഭാവിയിലാണ് റാണെയുടെ ഉത്കണ്ഠ. മക്കളായ നിതേഷ് എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും നിലേഷ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.
 
റാണെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. ശിവസേനയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും പ്രബലരായ ചില നേതാക്കളെ തന്റെ പാര്‍ട്ടിയില്‍ കൊണ്ടുവന്ന് ചലനമുണ്ടാക്കാനാണ് റാണെയുടെ ശ്രമം. റാണെയുടെ മുന്നിലെ പ്രധാനകടമ്പ നിയമസഭാ കൗണ്‍സിലിലേക്ക് തിരികെ ജയിച്ചുകയറുകയെന്നുള്ളതാണ്. കോണ്‍ഗ്രസ് വിട്ട നാരായണ്‍ റാണെ എം.എല്‍.സി. സ്ഥാനവും രാജിവെച്ചിരുന്നു. വീണ്ടും മന്ത്രിയാകാന്‍ എം.എല്‍.സി.യാകേണ്ടതുണ്ട്. ഇതിനായി ബി.ജെ.പി. സഹായിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. അ
 
ദ്ദേഹം മത്സരിച്ചാല്‍ കോണ്‍ഗ്രസും ശിവസേനയും ചേര്‍ന്ന് എതിര്‍സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയേക്കും. അത്തരമൊരു സാഹചര്യത്തില്‍ എന്‍.സി.പി.യുടെ പിന്തുണ ആവശ്യമായിവരും. ബി.ജെ.പി. ഇക്കാര്യത്തില്‍ എന്‍.സി.പി.യുമായി രഹസ്യധാരണയിലായേക്കും. ഉടന്‍ നടക്കാനിരിക്കുന്ന മന്ത്രിസഭാ വികസനത്തില്‍ പ്രധാനപ്പെട്ട വകുപ്പ് ലഭിക്കുമോ എന്നുള്ളതും റാണെയെ സംബന്ധിച്ച് പ്രധാനമാണ്.
 
റവന്യൂമന്ത്രിസ്ഥാനമാണ് റാണെയ്ക്ക് ലഭിക്കാനിടയുള്ളത്. നേരത്തേ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ റാണെ ഈ വകുപ്പാണ് കൈകാര്യം ചെയ്തത്. ബി.ജെ.പി.യില്‍ ഏക്‌നാഥ് ഖഡ്‌സെ കൈകാര്യംചെയ്തിരുന്ന വകുപ്പാണിത്. അഴിമതിയാരോപണത്തെത്തുടര്‍ന്നാണ് ഖഡ്‌സെയ്ക്ക് രാജിവയ്‌ക്കേണ്ടിവന്നത്. അതേസമയം റാണെയ്ക്ക് റവന്യൂമന്ത്രിസ്ഥാനം നല്‍കിയാല്‍ മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഖഡ്‌സെ നേതൃത്വത്തോട് ഇടഞ്ഞേക്കും. ബദ്ധവൈരികളായ ശിവസേന പ്രതിനിധികള്‍ക്കൊപ്പം മന്ത്രിസഭയില്‍ സഹകരിക്കേണ്ടിവരുന്നതും റാണെയ്ക്ക് തലവേദനയാകും. രാജുഷെട്ടിയുടെ സ്വാഭിമാനി ഷേത്കാരി സംഘടന, രാംദാസ് അത്താവ്‌ലെയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി, വിനായക് മെറ്റെയുടെ ശിവസംഗ്രാം പാര്‍ട്ടി, മഹാദേവ് ജന്‍കറുടെ രാഷ്ട്രീയസമാജ് പാര്‍ട്ടി എന്നിവയാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി.യുടെ ഘടകകക്ഷികള്‍. അതില്‍ രാജുഷെട്ടി ബി.ജെ.പി.യുമായി അകല്‍ച്ചയിലാണ്.