മുംബൈ : ചെറിയൊരു ഇടവേളയ്‌ക്കുശേഷം എൻ.സി.പി. നേതാവ് ശരദ് പവാർ മഹാരാഷ്ട്രയിലെ വരൾച്ചാബാധിത പ്രദേശങ്ങളിൽ പര്യടനം തുടങ്ങി. കഴിഞ്ഞദിവസം അദ്ദേഹം സത്താറയിൽ രണ്ട് ഗ്രാമങ്ങളിലെത്തി ആളുകളുമായി സംസാരിച്ച് പ്രശ്‌നങ്ങൾ മനസ്സിലാക്കി. സർക്കാരിന്റെ കുടിവെള്ളവിതരണം, കന്നുകാലി ക്യാമ്പുകളുടെ പ്രവർത്തനം എന്നിവയെക്കുറിച്ച് പവാർ ചോദിച്ചറിഞ്ഞു.

സംസ്ഥാനത്ത് വരൾച്ചാബാധിത പ്രദേശങ്ങളിൽ ശരദ്പവാറിന്റെ മൂന്നാമത്തെ പര്യടനമാണിത്. ഇതുവരെ പവാർ അഞ്ച് ജില്ലകളിൽ സന്ദർശനം നടത്തി. സംസ്ഥാന ചരിത്രത്തിൽ വെച്ചേറ്റവും വലിയ വരൾച്ചയിലൂടെയാണ് മഹാരാഷ്ട്ര കടന്നുപോകുന്നത്. 358 താലൂക്കുകളിൽ 150 എണ്ണത്തെ വരൾച്ചാബാധിതമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നടന്ന ലോക്‌സഭാതിരഞ്ഞെടുപ്പിനു പിന്നാലെ വരൾച്ച മുഖ്യപ്രശ്‌നമായി എടുത്തുകാട്ടി പവാർ രംഗത്തുവരികയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് പവാർ നടത്തിയ നീക്കം സർക്കാരിനെ വെട്ടിലാക്കിയിരുന്നു. വരൾച്ച നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് പവാർ കുറ്റപ്പെടുത്തിയതിനു പിന്നാലെ മാതൃകാപെരുമാറ്റ ചട്ടത്തിൽ ഇളവുവരുത്തണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ശരദ്പവാറുമായി അദ്ദേഹം വരൾച്ചയെക്കുറിച്ച് ചർച്ച ചെയ്തു. ദുരിതാശ്വാസപ്രവർത്തനങ്ങളുടെ മന്ത്രിമാരെ വിവിധ ജില്ലകളിലേക്ക് മേൽനോട്ടത്തിനായി അയച്ചു.

Content Highlights: Mumbai Sharad Pawar