മുംബൈ: കേന്ദ്ര ബജറ്റില്‍ മുംബൈയിലെ റെയില്‍വേ വികസനത്തിന് ഇത്തവണ നീക്കി വെച്ചിരിക്കുന്നത് വലിയ തുകയാണ്. കഴിഞ്ഞദിവസം മന്ത്രി റെയില്‍വേ പദ്ധതികള്‍ വിശദമാക്കുന്ന പിങ്ക് ബുക്ക് പാര്‍ലമെന്റില്‍ വെച്ചതിനു ശേഷമാണ് വിശദവിവരങ്ങള്‍ വ്യക്തമായത്. കഴിഞ്ഞ ബജറ്റില്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ തുക ഓരോ പദ്ധതിക്കും ലഭിച്ചു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും റെയില്‍വേ നടപ്പാലം പണിയാന്‍മാത്രം ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 880 കോടി രൂപയാണ്. യാത്രക്കാര്‍ക്ക് വിവിധ സ്റ്റേഷനുകളിലുള്ള സൗകര്യം വര്‍ധിപ്പിക്കുന്നതിന് പശ്ചിമ റെയില്‍വേക്ക് 171 കോടി രൂപയാണ് നല്‍കിയത്. മധ്യ റെയില്‍വേക്കാകട്ടെ 172 കോടി രൂപയും.

വിവിധ പദ്ധതികള്‍ക്കായി പശ്ചിമ റെയില്‍വേക്ക് ലഭിച്ചിരിക്കുന്നത് 5802 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 31 ശതമാനം കൂടുതലാണിത്. മധ്യറെയില്‍വേക്ക് അനുവദിച്ചിരിക്കുന്നത് 4619 കോടി രൂപയാണ്. ഇത്തവണ ഫണ്ടില്ലെന്ന കാരണത്താല്‍ റെയില്‍വേ വികസന പദ്ധതികള്‍ മുടങ്ങില്ലെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്.

പശ്ചിമ റെയില്‍വേയുടെയും മധ്യ റെയില്‍വേയുടെയും ആസ്ഥാനം മുംബൈയിലാണ്. രണ്ട് റെയില്‍വേ ഡിവിഷനുകളും സബര്‍ബന്‍ സര്‍വീസ് നടത്തുന്നുണ്ട്. രണ്ട് റെയില്‍വേയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് മുംബൈ റെയില്‍ വികാസ് കോര്‍പ്പറേഷനാണ്. റെയില്‍വേ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും യോജിച്ചുള്ള സംരംഭമാണ് റെയില്‍ വികാസ് കോര്‍പ്പറേഷന്‍.

നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി 43 നടപ്പാലം പണിയുന്നതിന് 430 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പശ്ചിമ, മധ്യ റെയില്‍വേകളില്‍ 372 എസ്‌കലേറ്ററുകളാണ് വരുന്നത്. അന്ധേരിക്കും വിരാറിനും ഇടയിലെ സ്ലോ ട്രാക്ക് പ്ലാറ്റ്‌ഫോമുകളുടെ നീളം വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. 15 കോച്ച് വണ്ടികള്‍ നിര്‍ത്താനുള്ള സൗകര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം. എല്ലാ ലോക്കല്‍ തീവണ്ടികളിലും സി.സി.ടി.വി. സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

'നടപ്പാലം പണിയാന്‍ സാധാരണ 30 മുതല്‍ 40 കോടി വരെയായിരുന്നു അനുവദിക്കാറ്്. ഇത്തവണ 430 കോടിയാണ് നല്‍കിയിരിക്കുന്നത്. മുമ്പ് ചില സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തായിരുന്നു പാലം പണിയാറുള്ളത്. ഇപ്രാവശ്യം ഏതൊക്കെ സ്റ്റേഷനുകളില്‍ എവിടെയൊക്കെ പാലം വേണം എന്ന കാര്യത്തില്‍ ഇവിടെ തീരുമാനമെടുക്കാം. അതിനാല്‍ പദ്ധതി ഒരു കാരണവശാലും വൈകില്ല'- പശ്ചിമ റെയില്‍വേ ജനറല്‍ മാനേജര്‍ എ.കെ. ഗുപ്ത പറയുന്നു.

ഹാര്‍ബര്‍ ലൈനില്‍ സി.എസ്.ടി.-പനവേല്‍ മേല്‍പ്പാത, പനവേലിനും വിരാറിനും ഇടയില്‍ പുതിയ സബര്‍ബന്‍ പാത, ബോറിവിലി-വിരാര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ അഞ്ചും ആറും പാതകള്‍, കല്യാണ്‍-അസന്‍ഗാവ് സ്റ്റേഷനുകള്‍ക്കിടയില്‍ നാലാംപാത, 210 പുതിയ എ.സി. ലോക്കല്‍ തീവണ്ടികള്‍ വാങ്ങുക എന്നിവയൊക്കെ അടങ്ങിയ മുംബൈ അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട്-3 എ-ക്കും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഈ പദ്ധതികള്‍ക്കും ഉടന്‍ ജീവന്‍വയ്ക്കും.