മുംബൈ: ഞെരളത്ത് കലാശ്രമം സി.ബി.ഡി. ബേലാപൂര്‍ അര്‍ബന്‍ ഹാട്ടില്‍ സംഘടിപ്പിച്ച 'മുംബൈ പാട്ടോള'ത്തിന് സമാപനമായി. മുംബൈ പട്ടോളത്തിന്റെ രണ്ടാംദിവസത്തെ പ്രശസ്ത ഇടയ്ക്ക വാദകന്‍ സുജിത് കോട്ടോല്‍ കൊട്ടിയുണര്‍ത്തി. തുടര്‍ന്നു മുട്ടും വിളിയും, കോതാമൂരി പാട്ട്, തെയ്യം തോറ്റം, കുത്തിയോട്ടപ്പാട്ട്, കണ്യാര്‍കളി പാട്ട്, പൊറാട്ട് കളി പാട്ട്, അട്ടപ്പാടി പാട്ടുകള്‍ എന്നീ പാട്ടു രൂപങ്ങളും അവതരിപ്പിച്ചു.

ഞങ്ങളുടെ സ്വകാര്യ സമയങ്ങളില്‍ ആഹ്ലാദമായിരുന്ന പാട്ടും കളികളും ജീവിതവും എല്ലാം കാടുകേറി എത്തിയ സീരിയലും സിനിമയും കവര്‍ന്നെടുത്തു എന്ന് അട്ടപ്പാടിയില്‍ നിന്നെത്തിയ പഴനിസാമി അട്ടപ്പാടി ഇരുളരുടെ സംഗീതാവതരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ പറഞ്ഞു. അവരുടെ പുതു തലമുറയുടെ ഗതിമാറ്റങ്ങളെക്കുറിച്ചുള്ള വിലാപമായി മാറി ഈവാക്കുകള്‍.

മിഴാവ്, മദ്ദളം, തിമില, ചെണ്ട, ഇടയ്ക്ക, ഇലത്താളം എന്നീ വാദ്യോപകരണങ്ങള്‍ ചേര്‍ന്ന് ഹരിഗോവിന്ദന്റെ പാട്ടിനൊപ്പം കലാമണ്ഡലം രതീഷ് ഭാസ് സംവിധാനം ചെയ്തവതരിപ്പിച്ച വാദ്യകൈരളിയായിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം.