മുംബൈ: ഏറെ വൈകിയെങ്കിലും മെട്രോ പദ്ധതികള്‍ മുംബൈയുടെ മുഖച്ഛായ മാറ്റുമെന്നുറപ്പ്. ലോക്കല്‍ ട്രെയിന്‍ കഴിഞ്ഞാല്‍ നഗരത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഈ യാത്രാമാര്‍ഗമാണ്. നഗരത്തില്‍ ഇപ്പോള്‍ ഒരു മെട്രോലൈനാണുള്ളത്. വര്‍സോവ മുതല്‍ ഘാട്‌കോപ്പര്‍ വരെയുള്ള 11-40 കിലോമീറ്റര്‍. 12 സ്റ്റേഷനുകളുള്ള ഈ മെട്രോ ഓടാന്‍ തുടങ്ങിയത് 2014 ജൂണ്‍ എട്ടിനാണ്. മൂന്നരവര്‍ഷം പിന്നീടുമ്പോഴും ഇതുവരെ മറ്റൊരു മെട്രോ പദ്ധതി ഉദ്ഘാടനംചെയ്ത് വണ്ടി ഓടിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ലോകത്തെ ഏറ്റവും തിരക്കേറിയ മെട്രോകളില്‍ ഒന്നായി മാറി മുംബൈയിലെ ഈ മെട്രോ വണ്‍.

ഇപ്പോള്‍ മുംബൈയില്‍ പ്രധാനമായും മൂന്നു മെട്രോ പദ്ധതികളാണ് നടക്കുന്നത്. കൊളാബയില്‍നിന്ന് തുടങ്ങി ബാന്ദ്ര വഴി സ്വീപ്‌സിലേക്കുള്ള മെട്രോ-3, അന്ധേരി ഈസ്റ്റില്‍നിന്ന് ദഹിസറിലേക്കുള്ള മെട്രോ-7, ദഹിസറില്‍നിന്ന് ഡി.എന്‍. നഗറിലേക്കുള്ള മെട്രോ-2 എന്നിവ. ഇവയുടെ പണികള്‍ പുരോഗമിച്ചു കൊണ്ടിരിക്കയാണ്. അടുത്ത വര്‍ഷത്തേക്കെങ്കിലും മെട്രോ മൂന്ന് ഭാഗികമായെങ്കിലും പ്രവര്‍ത്തിച്ചേക്കുമെന്നാണ് കരുതുന്നത്. ഇവ കൂടാതെ രണ്ട് മെട്രോ ലൈനിനുകൂടി അനുമതി ലഭിച്ചിട്ടുണ്ട്. താനെയില്‍നിന്ന് ഭീവണ്ടി വഴി കല്യാണിലേക്കുള്ള മെട്രോ-5, കാഞ്ചൂര്‍മാര്‍ഗില്‍ നിന്ന് ജോഗേശ്വരി വഴി സ്വാമി സമര്‍ഥ് നഗറിലേക്കുള്ള മെട്രോ-6 എന്നിവ. വര്‍സോവാ-ഘാട്‌കോപ്പര്‍ മെട്രോ പോലെ നഗരത്തിലെ ഏറ്റവും തിരക്കേറിയ പശ്ചിമ-പൂര്‍വ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഒന്നാണ് മെട്രോ-6. ഇവ കൂടാതെ മെട്രോ-2, മെട്രോ-7, മെട്രോ-5 എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് വഡാലയില്‍നിന്ന് ഘാട്‌കോപ്പര്‍ വഴി താനെയിലെ കാസര്‍വടവ്‌ലിയിലേക്ക് മറ്റൊരു മെട്രോ പദ്ധതിയും വരുന്നുണ്ട്.

'നഗരത്തിലെ യാത്രാപ്രശ്‌നങ്ങള്‍ക്ക് വലിയൊരളവുവരെ മെട്രോ പദ്ധതികള്‍ ഗുണംചെയ്യും. നഗരത്തിന്റെ വിവിധ ഭാഗങ്ങളെ പരസ്​പരം ബന്ധിപ്പിക്കുക എന്നതിനുപുറമേ ഏറ്റവും തിരക്കേറിയ റൂട്ടുകളിലെ തിരക്ക് കുറയ്ക്കുക എന്നതുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മെട്രോകള്‍ ഓടുന്നതോടെ ഈ റൂട്ടുകളില്‍ മറ്റു വാഹനങ്ങളുടെ ഗതാഗതം ഗണ്യമായി കുറയും. അത് അന്തരീക്ഷ മലിനീകരണത്തോത് കുറയ്ക്കുകയും ചെയ്യും'-പദ്ധതി നടപ്പാക്കുന്ന മുംബൈ മെട്രോപൊളിറ്റന്‍ റീജണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിയിലെ (എം.എം.ആര്‍.ഡി.എ.) ഒരു ഉന്നതോദ്യാഗസ്ഥന്‍ വെളിപ്പെടുത്തി.