മുംബൈ: പ്രളയദുരന്തത്തിലമർന്ന കേരളത്തിന് െഎക്യദാർഢ്യവുമായി മുംബൈ മലയാളികൾ തിരുവോണമാഘോഷിക്കാതെ കേരളീയർക്കൊപ്പം ചേരും. കഴിഞ്ഞ ഒരാഴ്ചയായി കേരള ഹൗസ് കേന്ദ്രീകരിച്ചും വിവിധ സംഘടനകളും കേരളത്തിലേക്ക് ഒരുപാട് അവശ്യവസ്തുക്കൾ കയറ്റി അയച്ചിരുന്നു.

മുംബൈ സ്റ്റാൻഡ് വിത്ത് കേരള എന്ന മുദ്രാവാക്യമുയർത്തിയാണ് തിരുവോണദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കാൻ രംഗത്തെത്തുന്നത്. രാവിലെ എട്ടുമണി മുതൽ റെയിൽവേ, മെട്രോ സ്റ്റേഷൻ പരിസരങ്ങളിലും ബസ് സ്റ്റാൻഡുകളിലും പ്രധാനമാർക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും മലയാളി സംഘടനാ പ്രവർത്തകർ കേരളത്തിന്റെ പ്രളയദുരിതം മറ്റ് ജനവിഭാഗങ്ങളെ ബോധ്യപ്പെടുത്തി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തും.

വാഷി കേരള ഹൗസിൽ ലോക കേരള സഭാംഗങ്ങൾ വിളിച്ചു ചേർത്ത ദുരിതാശ്വാസ പ്രവർത്തകരുടെയും വിവിധ മലയാളിസംഘടനാ നേതാക്കളുടെയും യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

രാവിലെ മുതൽ എല്ലാ മലയാളി സമാജങ്ങളും കുടുംബങ്ങളും കുട്ടികൾ മുതൽ വയോവൃദ്ധർ വരെ നമ്മുടെ മഹാനഗരത്തിലെ പൊതുഇടങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനം സമാഹരിക്കാൻ മുന്നോട്ടെത്തും.