മുംബൈ: മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്റെ ജനറല്‍ കൗണ്‍സില്‍ യോഗം പ്രവര്‍ത്തന പരിപാടികള്‍ക്ക് അംഗീകാരം നല്‍കി.  ജനുവരി21-ന് ചേര്‍ന്ന മലയാളം മിഷന്‍മുംബൈ ചാപ്റ്റര്‍ രൂപവത്കരണയോഗത്തില്‍ നിന്ന്‌നാമനിര്‍ദേശംചെയ്ത മലയാളം മിഷന്‍ അധ്യാപകരും മലയാളി സംഘടനകളുടെ മലയാളം ക്ലാസുകളുടെ രക്ഷാധികാരികളുമടങ്ങുന്ന 128അംഗ പൊതുസഭയില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.

മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ പ്രസിഡന്റ് നോവലിസ്റ്റ് ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ആരംഭിച്ച സഭയിലെ പൊതുസഭാംഗങ്ങളെ രുക്മിണി സാഗര്‍ സ്വാഗതം ചെയ്തു. എന്‍.ബാലകൃഷ്ണന്‍ പരിചയപ്പെടുത്തി.

ഫെബ്രുവരി- 11ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി എടുത്തതീരുമാനങ്ങളും നിര്‍ദേശങ്ങളും സെക്രട്ടറി രാമചന്ദ്രന്‍ മഞ്ഞറമ്പത്ത് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കെ.എം. മോഹന്‍, പി.കെ. ചന്ദ്രമൗലി, ജോജോ തോമസ്, വത്സന്‍ മൂര്‍ക്കോത്ത്, സുരേഷ് ആര്‍. കണക്കൂര്‍, ഷീജ മാത്യു, കെ.ബി. പ്രഭാകരന്‍, അനില്‍ പ്രകാശ്, ഗിരിജാ പണിക്കര്‍, ഡോ. വിവേകാനന്ദന്‍, എം.വി. റോയ് ജെ. കൊട്ടാരം, പി.കെ. കൊച്ചുരാജ്, അജീഷ് നായര്‍, സുധ.ആര്‍. ചന്ദ്രന്‍, ശ്രീലേഖ മേനോന്‍, ഡോ. സുരേഷ് നായര്‍, എം.ജി. ദേവരാജക്കുറുപ്പ്, ബിന്ദു ജയന്‍, കെ.എസ്. മോഹന്‍ കുമാര്‍, നിഷാ പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്റെ എട്ട് മേഖലകളിലും ആ പ്രദേശങ്ങളിലെ എല്ലാ മലയാളി സംഘടനകളേയും പങ്കെടുപ്പിച്ച് ഏപ്രില്‍ 15-ന് മുമ്പ് പൊതു യോഗങ്ങള്‍ സംഘടിപ്പിക്കാനും മേഖലാ കമ്മിറ്റികള്‍ക്ക് രൂപം കൊടുക്കാനും യോഗം തീരുമാനിച്ചു. മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 24മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിയില്‍ മുംബൈ, നവിമുംബൈ, താെന, റെയ്ഗഡ്, കൊങ്കണ്‍, നാസിക് എന്നീ പ്രദേശങ്ങളിലെ എല്ലാ മലയാളി കുടുംബങ്ങളിലും മലയാള ഭാഷാ പഠനത്തിന്റെ ആവശ്യകതയും പ്രാധാന്യവും എത്തിക്കും. ജൂലായ് ഒന്നിന് എല്ലാ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളിലും പ്രവേശനോത്സവം നടത്തുന്നതിനും തീരുമാനിച്ചു. ഭരണസമിതി അംഗങ്ങള്‍ക്ക് പ്രവര്‍ത്തനച്ചുമതലകളും കമ്മിറ്റി അംഗങ്ങള്‍ക്ക് മേഖലാ ചുമതലകളും നല്‍കി പ്രവര്‍ത്തനങ്ങള്‍ക്ക് ക്രോഡീകരണം നടത്തുന്നതോടൊപ്പം മേഖലകള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്റര്‍ യോഗങ്ങളും രക്ഷകര്‍ത്താ സംഗമങ്ങളും നടത്തി നിലവിലുള്ള മലയാളം മിഷന്‍ ക്ലാസുകളെ കൂടുതല്‍ സജീവമാക്കാനും പൂക്കാലം വെബ് മാഗസിന്‍ പഠിതാക്കള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാക്കാനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുക്കാനും യോഗം തീരുമാനിച്ചു.

മലയാളം മിഷന്റെ അടുത്ത മോഡല്‍ പരീക്ഷ ജൂലായ് രണ്ടാം വാരത്തിലും തുടര്‍ന്ന് വാര്‍ഷിക പരീക്ഷ ഓഗസ്റ്റ് 12-നും നടത്തുന്നതാണ്. ജോയന്റ് സെക്രട്ടറി രാജശ്രീ മോഹന്‍ നന്ദി പറഞ്ഞു.