മുംബൈ: മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് സൂപ്പർ എക്സ്പ്രസ്‌വേ നാലുവർഷത്തിനുള്ളിൽ പൂർത്തിയാവുമെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി. വെള്ളിയാഴ്ച ഈ പാതയുടെ ശിലാസ്ഥാപനം നടന്നു. തൊണ്ണൂറായിരം കോടിയുടെതാണ് ഈ പദ്ധതി. 1320 കിലോമീറ്റർ പാത പൂർത്തിയാവുന്നതോടെ മുംബൈ ഡൽഹി യാത്രാസമയം 13 മണിക്കൂറായി കുറയും. ഇപ്പോൾ 24 മണിക്കൂറാണ് യാത്രാസമയം.

യൂനിയൻ റോഡ് ട്രാൻസ്പോർട്ടും ഹൈവേ മന്ത്രാലയവും ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ പാതയിലെ ഏറ്റവും കുറഞ്ഞവേഗം 120 കിലോമീറ്ററാണ്.

നാലുഘട്ടങ്ങളിലായാണ് ഈ പാത നടപ്പാവുക. ഒന്നാംഘട്ടം ഡൽഹി മുതൽ ജയ്‌പുർ വരെയും രണ്ടാം ഘട്ടം ജയ്‌പുർ മുതൽ കോട്ടവരെയും മൂന്നാംഘട്ടത്തിൽ കോട്ടമുതൽ വഡോദര വരെയും നാലാംഘട്ടം വഡോദരമുതൽ മുംബൈവരെയുമാണ് ഈ പാത. ഏറ്റവും വേഗതയുള്ള തീവണ്ടി രാജധാനി എക്സ്പ്രസ് നിലവിൽ 16 മണിക്കൂർകൊണ്ടാണ് ഇപ്പോൾ മുംബൈയിൽനിന്ന് ഡൽഹിയിലെത്തുന്നത്.

ഗ്രാമീണമേഖലയിലൂടെയാണ് ഈ പാത ഭൂരിഭാഗവും കടന്നുപോകുന്നത്. പതിനഞ്ചായിരം ഹെക്ടർ ഭൂമി ഇതിനുവേണ്ടി ഏറ്റെടുത്തിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ പാതയായിരിക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ഇരുപത് ലക്ഷം മരങ്ങൾ പാതയുടെ ഇരുഭാഗത്തും വെച്ചുപിടിപ്പിക്കും. അഞ്ഞൂറ് മീറ്റർ കൂടുമ്പോൾ മഴവെള്ള സംഭരണിയുണ്ടാവും

ഡൽഹി ജയദപുർ എക്‌സ്പ്രസ്‌വേ 225 കിലോമീറ്റർ ദൂരംവരും. അടുത്ത പതിനഞ്ച് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് പദ്ധതിയെന്ന് നാഷണൽ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ പറഞ്ഞു.

ഗുരുഗ്രാമിൽ നിന്ന് ആരംഭിക്കുന്ന ഈ പാത ജയ്‌പുർ റിങ്‌ റോഡിലാണ് സമാപിക്കുക. മുംബൈ പുണെ എക്സ്പ്രസ്‌വേ പോലെ കോൺക്രീറ്റ് ഹൈവേയായിരിക്കും ഈ പാത. നിലവിൽ ഡൽഹിയിൽനിന്ന് ജയ്‌പുരിലെത്താൻ ആറുമണിക്കൂർ സമയം വേണം. നിലവിലെ ഏറ്റവുംകൂടിയ വേഗം മണിക്കൂറിൽ 90 കിലോമീറ്ററാണ്. പുതിയപാതയിൽ 150 കിലോമീറ്റർ വേഗത്തിൽ പോകാൻ കഴിയും. രണ്ടുമണിക്കുറാണ് യാത്രാസമയം പ്രതീക്ഷിക്കുന്നത്. വഡോദര മുതൽ മുംബൈ സൂപ്പർ എക്സ്പ്രസ്‌വേ യാത്രാസമയം മൂന്നുമണിക്കൂറായി കുറയും.

content highlights: mumbai delhi super express way, nitin gadkari