മുംബൈ: മുംബൈ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും സഞ്ജയ് നിരുപമിനെ മാറ്റണമെന്ന് അദ്ദേഹത്തിന്റെ എതിരാളികൾ മഹാരാഷ്ട്രയുടെ ചുമതലയുള്ള പാർട്ടി അഖിലേന്ത്യാസെക്രട്ടറി മല്ലികാർജുന ഖാർഗയോടാവശ്യപ്പെട്ടു. പൊതുതിരഞ്ഞെടുപ്പ് അടുത്തവേളയിലാണ് പാർട്ടിയിലെ ഗ്രൂപ്പ് പോരിന് ആക്കം വർധിപ്പിച്ച് നിരുപമിന്റെ എതിരാളികൾ ഒന്നിച്ചിരിക്കുന്നത്. നിരുപമിനെതിരെ ഗ്രൂപ്പ് പോരാട്ടത്തിന് നേതൃത്വം നൽകികൊണ്ടിരുന്ന ഗുരുദാസ് കാമത്ത് അടുത്തയിടെയാണ് മരിച്ചത്. കാമത്തിന്റെ മരണത്തോടെ നിരുപമം പാർട്ടിയിൽ ശക്തനായിരിക്കുകയാണന്ന തോന്നൽ ഉളവായിരുന്നു. കൃപാശങ്കർസിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഖാർഗയെ സന്ദർശിച്ചത്. നിരുപമിനെ മാറ്റി പകരം മിലിന്ദ് ദേവ്‌റയെ പാർട്ടിയുടെ സിറ്റി അധ്യക്ഷനാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

നസീം ഖാൻ, സുരേഷ് ഷെട്ടി, ഏക്‌നാഥ് ഗെയ്ക്ക്‌വാദ്, ജനാർദനൻ ചന്ദൂർക്കർ, ഭയ് ജഗ്താപ്, അമിൻ പട്ടേൽ, ബാബാസിദ്ദിഖി, യുസഫ് അബ്രഹാനി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പൊതുതിരഞ്ഞെടുപ്പിൽ മുംബൈയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് നേതൃമാറ്റം ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം. നിരുപമിന്റെ നേതൃത്വത്തിൽ പാർട്ടിക്ക്‌ വിജയസാധ്യതയില്ലെന്നും സംഘം ഖാർഗയെ ധരിപ്പിച്ചു.

മുംബൈയിൽ 36 നിയമസഭാമണ്ഡലങ്ങളും ആറ് ലോക്‌സഭ മണ്ഡലങ്ങളുമാണുള്ളത്. 2017 ജനുവരിയിൽ നടന്ന ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കാമത്തിന്റെ അനുയായികൾക്ക് സിറ്റ് നിഷേധിച്ചപ്പോൾ നിരുപമിനെ മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. പാർട്ടിയുടെ അഖിലേന്ത്യ അധ്യക്ഷൻ രാഹുൽഗാന്ധിയാണ് തന്നെ പാർട്ടിയുടെ ചുമതലയേൽപ്പിച്ചതെന്നും പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകുമെന്നുമായിരുന്നു തനിക്കെതിരെയുള്ള നീക്കങ്ങളോടുള്ള നിരുപമിന്റെ പ്രതികരണം.