മുംബൈ: എൻ.സി.പി. നേതാവ് അജിത് പവാറിന്റെ സഹായത്തോടെ മന്ത്രിസഭയുണ്ടാക്കാൻ ശ്രമിച്ചതിന്റെ വിശദാംശങ്ങൾ പറയേണ്ട സമയത്ത് വെളിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ദേവേന്ദ്ര ഫഡ്‌നവിസ്. പരാജയപ്പെട്ട ഈ നീക്കത്തിനെതിരേ പാർട്ടിക്കുള്ളിൽത്തന്നെ വിമർശനമുയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും പിന്നീട് രാജിവെക്കുകയും ചെയ്ത അജിത് പവാറിന്റെ നടപടിയെപ്പറ്റി ചോദിച്ചപ്പോഴാണ് എല്ലാം പിന്നീട് പറയാമെന്ന് ഫഡ്‌നവിസ് മറുപടി നൽകിയത്. ‘‘വിഷമിക്കേണ്ട, പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് ഞാൻ പറയും’’ -ഫഡ്‌നവിസ് പറഞ്ഞു.
മന്ത്രിസഭയുണ്ടാക്കാൻ അഴിമതിക്കാരനായ അജിത് പവാറിന്റെ പിന്തുണ തേടിയ ബി.ജെ.പി. നടപടി തെറ്റായിപ്പോയെന്ന് പാർട്ടി നേതാവ് ഏക്‌നാഥ് ഖഡ്‌സേ അഭിപ്രായപ്പെട്ടിരുന്നു.