മുംബൈ: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷന്റെ (ആർകോം) ആസ്തികൾ ഏറ്റെടുക്കുന്നതിന് റിലയൻസ് ജിയോയും ഭാരതി എയർടെല്ലും തിങ്കളാഴ്ച ലേല അപേക്ഷ നൽകി. ആർകോമിന്റെ സ്‌പെക്‌ട്രം, ടവർ, ഫൈബർ ശൃംഖലകളും റിലയൻസ് ടെലികോം, റിലയൻസ് ഇൻഫ്രാടെൽ എന്നിവയുടെകീഴിലുള്ള റിയൽ എസ്റ്റേറ്റ് ആസ്തികളുമാണ് വിൽക്കുന്നത്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാനദിനമായിരുന്നു തിങ്കളാഴ്ച. പാപ്പരത്തനടപടി നേരിടുന്ന ആർകോമിന്റെ റിസൊലൂഷൻ പ്രൊഫഷണലായ അനീഷ് നിരഞ്ജൻ നാനാവതിയാണ് ലേല അപേക്ഷയ്ക്കായി പത്തുദിവസം നീട്ടിനൽകിയത്. നേരത്തേ തീയതി നീട്ടണമെന്ന എയർടെല്ലിന്റെ ആവശ്യം നിരസിച്ചിരുന്നു. പിന്നീട് റിലയൻസ് ജിയോ ഈ ആവശ്യം ഉന്നയിച്ചപ്പോൾ അംഗീകരിക്കുകയുംചെയ്തു. നടപടി പക്ഷപാതപരമാണെന്നുകാട്ടി എയർടെൽ ആദ്യം നൽകിയ അപേക്ഷ കഴിഞ്ഞയാഴ്ച പിൻവലിച്ചിരുന്നു.
ആർകോമിന്റെ സ്‌പെക്‌ട്രവും 43,000 ടവറുകളും 1.78 ലക്ഷം റൂട്ട് കിലോമീറ്റർ ഫൈബറും ഏറ്റെടുക്കാൻ അനിൽ അംബാനിയുടെ സഹോദരൻ മുകേഷ് അംബാനി കഴിഞ്ഞവർഷം തയ്യാറായിരുന്നു. എന്നാൽ, ടെലികോം വകുപ്പ് എതിർത്തതോടെ ഇതു നടപ്പായില്ല. തുടർന്നാണ് ലേലം നടത്താൻ തീരുമാനിച്ചത്. ആകെ 33,000 കോടി രൂപയുടെ കടബാധ്യതയാണ് ആർകോമിനുള്ളത്.