താനെ: വനിതാ യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ലക്ഷ്യംവെച്ച് രൂപകൽപ്പന ചെയ്ത പത്ത് തേജസ്വിനി ബസുകൾ താനെ നഗരസഭയുടെ ട്രാൻസ്പോർട്ട് വിഭാഗം(ടി.എം.ടി.)താമസിയാതെ നിരത്തിലിറക്കും. ജി.പി.എസ്., സി.സി.ടി.വി. ക്യാമറകൾ, പാനിക് അലാറം തുടങ്ങിയ സംവിധാനങ്ങൾ ഈ ബസുകളുടെ സവിശേഷതയായിരിക്കും.
തേജസ്വിനി ബസിൽ ഡ്രൈവർമാർ പുരുഷന്മാരായിരിക്കുമെങ്കിലും കണ്ടക്ടർമാരായി വനിതകളെയായിരിക്കും നിയമിക്കുക. പ്രധാനമായും വനിതാ യാത്രക്കാർ കൂടുതലുള്ള റൂട്ടുകളിലായിരിക്കും ഈ ബസുകൾ ഓടിക്കുക. താനെയിലെ വാഗ്ലെ എസ്റ്റേറ്റ്, വൃന്ദാവൻ, ശിവായി നഗർ, ലോകമാന്യ നഗർ, പവാർ നഗർ, പാർസിക് നഗർ, കാസർ വഡ്വലി, മനോരമ നഗർ, മാജിവാഡ, ഖരേഗാവ്, മുംബ്ര, ഭാരത് ഗീയർ, മുളുണ്ട് എന്നിവിടങ്ങളിലേക്കായിരിക്കും ബസ് സർവീസ് നടത്തുക.
രാവിലെ 7.30 മുതൽ 9.30 വരെയും വൈകീട്ട് 5.30 മുതൽ 8.30 വരെയും ആയിരിക്കും തേജസ്വിനി ബസുകൾ സർവീസ് നടത്തുക. വനിതാ യാത്രക്കാർക്കു മാത്രമായുള്ള തേജസ്വിനി ബസുകളിൽ തിരക്കില്ലാത്ത വേളകളിൽ പുരുഷന്മാരെയും യാത്രചെയ്യാൻ അനുവദിക്കും. ടി.എം.ടി. ബസുകളിൽ വനിതകൾക്ക് പൊതുവെ 30 ശതമാനം സംവരണമുണ്ടെങ്കിലും രാവിലെയും വൈകുന്നേരവും ബസുകളിലുണ്ടാകുന്ന വൻ തിരക്കുമൂലം അവർക്കുനേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് തേജസ്വിനി ബസുകൾ നിരത്തിലിറക്കാൻ നഗരസഭയൊരുങ്ങുന്നത്.