താനെ: താനെയില്‍മഞ്ഞുകാലത്തെത്തുന്ന 124 ഇനം പക്ഷികളെ കണ്ടെത്തി. പരിസ്ഥിതി നിരീക്ഷണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ താനെയുടെ പരിസരപ്രദേശങ്ങളില്‍ സംഘടിപ്പിച്ച 14-മത് പക്ഷികളുടെ കണക്കെടുപ്പ്്ദൗത്യത്തിലാണ് 124 ഇനത്തില്‍പ്പെട്ട 3952 പക്ഷികളെ കണ്ടെത്തിയത്. ഞായറാഴ്ച നടന്ന പരിപാടിയില്‍ 51- ഓളം പക്ഷി നിരീക്ഷകരും പക്ഷി സ്‌നേഹികളും പങ്കെടുത്തു.

താനെയിലെ എട്ട് വിവിധ ഭാഗങ്ങളിലായിട്ടാണ് പക്ഷികളുടെകണക്കെടുപ്പും നിരീക്ഷണവും സംഘടിപ്പിച്ചത്. ഇതുവരെ രേഖയിലെങ്ങും പരാമര്‍ശിക്കാത്ത ഫോറസ്റ്റ് വാഗ്‌ടെയില്‍ (വാലാട്ടി പക്ഷി), ലോട്ടെന്‍സ് സണ്‍ബേര്‍ഡ്(തേന്‍ കുടിയന്‍ പക്ഷി) എന്നീ പക്ഷികളെ കണ്ടെത്തിയതായി നിരീക്ഷകര്‍ അവകാശപ്പെട്ടു.

2013 മുതല്‍ സംഘടിപ്പിച്ചുവരുന്ന കണക്കെടുപ്പുപ്രകാരം ഇപ്പോള്‍ കണ്ടെത്തിയ പുതിയ രണ്ടിനം പക്ഷികളടക്കം ഇതുവരെ മൊത്തം 230 ഇനം പക്ഷികളുടെ വിവരങ്ങളാണ രേഖയിലുള്ളത്. ഇത്തവണ താനെ ഈസ്റ്റ് ഭാഗത്തുനിന്ന് പൈഡ് കുക്കു ഇനത്തില്‍പ്പെട്ട ഒരു പക്ഷിയെയും കണ്ടെത്തി. ജൂണ്‍ മാസങ്ങളില്‍ ആഫ്രിക്കയില്‍ നിന്നെത്തുന്ന ഈ പക്ഷി ഒക്ടോബറില്‍ തിരിച്ചു പോകാറാണ് പതിവെന്ന് നിരീക്ഷകര്‍ വെളിപ്പെടുത്തി.

മഞ്ഞുകാലം ദേശാടനക്കാലമായതിനാലാണ് കൂടുതല്‍ പക്ഷികളെ കണ്ടെത്താനായത്. ഇക്കാലത്ത് ഉള്‍ക്കടല്‍ ഭാഗങ്ങളിലായിട്ടാണ് അവയെ കൂടുതലായും കണ്ടെത്താനാവുക. ഇതേ കണക്കെടുപ്പ് മാര്‍ച്ചില്‍ നടത്തുമ്പോള്‍ പല ഇനം പക്ഷികളുടെയും കുറവ് കാണാന്‍ കഴിയുമെന്നും അടുത്ത കണക്കെടുപ്പ് 2018 മാര്‍ച്ച് 15-ന് നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.