മുംബൈ: അനാശാസ്യകേന്ദ്രം നടത്തുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ട സ്ത്രീ 13 വര്‍ഷത്തിനുശേഷം അറസ്റ്റിലായി. ബോയ്‌സറില്‍ താമസിക്കുന്ന ഫരീദ ഭാര്‍തി (43)യാണ് പിടിയിലായത്. ഭര്‍ത്താവ് സഹദേവിന്റെ അസ്ഥികൂടം വീട്ടിലെ സെപ്റ്റിക് ടാങ്കില്‍നിന്ന് പോലീസ് കണ്ടെടുത്തു.

അനാശാസ്യകേന്ദ്രം നടത്തുന്നു എന്ന വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഇവരുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്ന് നാലു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ഫരീദ ഭാര്‍തിയെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തു. അന്ന് രാത്രിയാണ് ഇവരുടെ വീട്ടില്‍ നിരവധിപേരെ കൊന്നിട്ടുണ്ടെന്ന് പോലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുന്നത്. തുടര്‍ന്ന് ഫരീദയെ ചോദ്യം ചെയ്തപ്പോഴാണ് ഭര്‍ത്താവിനെ 13 വര്‍ഷം മുമ്പ് കൊന്ന വിവരം സമ്മതിക്കുന്നത്.
 
അനാശാസ്യകേന്ദ്രം നടത്തുന്നതിനെ എതിര്‍ത്ത സഹദേവിനെ ഉറങ്ങുമ്പോള്‍ തലക്കടിച്ച് കൊല്ലുകയായിരുന്നു എന്ന് അവര്‍ പോലീസിനോട് പറഞ്ഞു. മൃതദേഹം കിടപ്പുമുറിയിലെ കക്കൂസിനടിയിലെ സെപ്റ്റിക് ടാങ്കിലിട്ടിരുന്നുവെന്നും അവര്‍ സമ്മതിച്ചു. തുടര്‍ന്ന്, ബുധനാഴ്ച പോലീസ് ഇവിടം കുഴിച്ചപ്പോള്‍ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു.