നവി മുംബൈ: മാതൃഭൂമി കേരള ഫെസ്റ്റില്‍ ബുധനാഴ്ച അരങ്ങേറിയത് ഒരു കേരളോത്സവമായിരുന്നു. കേരളത്തിന്റെ പാരമ്പര്യകലകളും നാടന്‍പാട്ടുകളും കോര്‍ത്തിണക്കി ഹാസ്യത്തിന്റെ മേമ്പൊടിയുമായി പ്രത്യേകചേരുവകളോടെ ഒരു കലാരൂപം. ആലപ്പുഴയില്‍ നിന്നുള്ള 'ഇപ്ത നാട്ടരങ്ങ'ാണ് ഈ കലാസമ്മേളനവുമായി വേദിയില്‍ എത്തിയത്. 'ഇളക്..ഇളക്...എന്റെ...' എന്ന വടക്കാന്‍ മലബാറിലെ നാഗാരാധനയുടെ പാട്ടുമായാണ് കലാകാരന്മാര്‍ പരിപാടിക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെയെത്തി ശ്രീലങ്കയില്‍നിന്നുള്ള നാഗരക്ഷ എന്ന നൃത്തരൂപം. പാട്ടും നൃത്തവുമായുള്ള ഈ കല വേറിട്ട അനുഭവമായി. മുമ്പ് ഓണക്കാലത്ത് കേരളത്തില്‍ പാടിയിരുന്ന പുടമുതല്‍ പാട്ടുമെത്തി പിന്നീട്.

വള്ളുവനാടിന്റെ പന്തക്കാളി നൂറ്റാണ്ടുകള്‍ക്കുമുമ്പ് മധ്യതിരുവിതാംകൂറിലുണ്ടായിരുന്ന അടിമ വ്യവസ്ഥിതിയുടെ ഭാഗമായ പരുന്താട്ടം എന്നിവയൊക്കെ കാണികളെ തെല്ലൊന്നുമല്ല രസിപ്പിച്ചത്. തെക്കന്‍ കേരളത്തിന്റെ പ്രത്യേകിച്ച് തിരുവനന്തപുരത്ത് നിലനിന്നിരുന്ന വില്ലടിച്ചാം പാട്ട്, വടക്കന്‍ കേരളത്തിന്റെ കലാരൂപമായ മലമഴിയാട്ടം എന്നിവയും ഉണ്ടായിരുന്നു. വെറും ഒരു തോര്‍ത്തുമുണ്ടുകൊണ്ട് ആനയും മുയലും മയിലുമായി കാണികളെ ചിരിപ്പിച്ച മാണി മുത്തപ്പനും ശ്രീലങ്കന്‍ കലാരൂപമായ അപ്പുപ്പനും അമ്മൂമ്മയും കേരളോത്സവത്തിന് ഹാസ്യരസം നല്‍കി. അപ്പൂപ്പനും അമ്മൂമ്മയും കാണികളുടെ ഇടയിലേക്കിറങ്ങിവന്നാണ് അവര്‍ രസം പകര്‍ന്നത്.

കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള നാഗാരാധന കോര്‍ത്തിണക്കിയുള്ള പരിപാടിയും തുടര്‍ന്ന് വട്ടമുടി കരിങ്കാളി, പൊറാട്ട് നാടകം, കാളി-ദാരികവധം എന്നിവയും എത്തി. നാടന്‍പാട്ട് കേരളത്തില്‍ സാധാരണക്കാരിലേക്കെത്തിച്ച കലാഭവന്‍ മണിയുടെ പാട്ടുകളടക്കം നാടന്‍പാട്ടുകളുടെ ഒരു കൂമ്പാരംതന്നെ അവതരിപ്പിച്ച് സദസ്സിനെ ഇളക്കിമറിച്ചാണ് കേരളോത്സവം സമാപിച്ചത്.