കര്‍ജത്: കര്‍ജത്തിനടുത്തുള്ള മാത്തേരാനില്‍ റോപ്വേ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മണ്ണുപരിശോധന തുടങ്ങി. ഇവിടെ റോപ് വേയുടെ സ്റ്റേഷന്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മാധവ്ജി ഉദ്യാന്‍ പരിസരത്താണ് പരിശോധന ആരംഭിച്ചത്.

മുംബൈയിലും മറ്റും മെട്രോ തീവണ്ടിക്കുവേണ്ടി നടത്താറുള്ള തരത്തിലാണ് റോപ്വേ സ്റ്റേഷനു വേണ്ടിയുള്ള പരിശോധന. ഒന്നര മാസത്തോളം തുടരുന്ന പരിശോധനയ്ക്ക് ശേഷമായിരിക്കും പദ്ധതിക്ക് തുടക്കംകുറിക്കുക. കര്‍ജത്തിലെ ഭിവ്പുരിയില്‍നിന്ന് മാധവ്ജി ഉദ്യാന്‍ വരെ 3300 മീ. ദൈര്‍ഘ്യവും 850 മീ. ഉയരവുമുള്ള ഈ റോപ് വേ പദ്ധതി ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പരിപാടി. ഇതിനായി 200 കോടി രൂപ ചെലവ് കണക്കാക്കപ്പെടുന്നു.

മാത്തേരാന്‍ എന്ന പ്രകൃതിമനോഹരമായ സുഖവാസകേന്ദ്രത്തിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനായുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കുറെ വര്‍ഷങ്ങളായി പരിസ്ഥിതിവാദികളുടെ വിവാദങ്ങളില്‍ കുരുങ്ങിക്കിടന്നിരുന്ന ഈ പദ്ധതിക്ക് ഒടുവില്‍ തുടക്കംകുറിച്ചത്.

ടാറ്റ ഗ്രൂപ്പ് ആണ് മുംബൈ മഹാനഗര്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ സാങ്കേതിക സഹകരണത്തോടെ പദ്ധതിയുടെ നിര്‍മാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.