മുംബൈ: ഹാര്‍ബര്‍ ലൈനിലെ യാത്രക്കാര്‍ക്ക് ഇനി പുതിയ ലോക്കല്‍ തീവണ്ടിയില്‍ സഞ്ചരിക്കാം. മധ്യറെയില്‍വേക്ക് 13 പുതിയ ലോക്കല്‍ തീവണ്ടികളാണ് അടുത്ത അഞ്ചുമാസത്തിനുള്ളില്‍ ലഭിക്കുക. ഇതുമുഴുവന്‍ ഹാര്‍ബര്‍ ലൈനില്‍ ഓടിക്കാനാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ തീരുമാനം. അടുത്തിടെവരെ ഹാര്‍ബര്‍ ലൈനിലെ യാത്രക്കാര്‍ക്ക് പഴയ വണ്ടികളായിരുന്നു ലഭിച്ചിരുന്നത്. ആവശ്യത്തിന് കാറ്റും വെളിച്ചവും ഇല്ലാത്ത ഈവണ്ടികളില്‍നിന്ന് അല്‍പ്പം ആശ്വാസംലഭിച്ചത് പശ്ചിമ റെയില്‍വേ ഒഴിവാക്കിയ സീമെന്‍സ് കമ്പനിയുടെ ലോക്കല്‍ തീവണ്ടി ലഭിച്ചുതുടങ്ങിയതോടെയാണ്.

ഏറ്റവും പുതിയ ബൊംബാര്‍ഡിയര്‍ റേക്കുകള്‍ കിട്ടിയതോടെയാണ് പശ്ചിമ റെയില്‍വെ അവരുടെ പഴയ സീമെന്‍സ് റേക്കുകള്‍ ഒഴിവാക്കിയത്. കഴിഞ്ഞവര്‍ഷം വരെ 72 പുതിയ റേക്കുകളാണ് പശ്ചിമ റെയില്‍വേക്ക് ലഭിച്ചത്. മധ്യറെയില്‍വേക്കുള്ള റേക്കുകളില്‍ ആദ്യത്തേത് കഴിഞ്ഞ തിങ്കളാഴ്ച ഇവിടെ എത്തിക്കഴിഞ്ഞു. അടുത്തമാര്‍ച്ചോടെ 12 റേക്കുകള്‍കൂടി ലഭിക്കും. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്നാണ് ഇവ വരുന്നത്.

മധ്യ റെയില്‍വേയ്ക്ക് ലഭിക്കുന്നത് പുതിയ മേധറേക്കുകളാണ്. കാണാന്‍ ബൊംബാര്‍ഡിയര്‍ റേക്കുകളെപ്പോലെ തന്നെയാണ് ഇവയും. വൈദ്യുതി സംവിധാനത്തിലെ ചില മാറ്റങ്ങള്‍ ഒഴിച്ച് ബാക്കി പ്രവര്‍ത്തനങ്ങള്‍ ഒരുപോലെ തന്നെ.

പുതിയവണ്ടികള്‍ കൊണ്ട് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് പകരം പഴയ വണ്ടികള്‍ ഒഴിവാക്കുക എന്നതാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. റേക്കുകള്‍ വരുന്നതനുസരിച്ച് സര്‍വീസിലുള്ള പഴയ റേക്കുകള്‍ മാറ്റിക്കൊണ്ടിരിക്കും. നിലവില്‍ 51 പഴയ ലോക്കല്‍ തീവണ്ടികളാണ് മുംബൈയില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഇതില്‍ 41 എണ്ണം മധ്യറെയില്‍വേയിലും 10 എണ്ണം പശ്ചിമ റെയില്‍വേയിലുമാണ്. 43 കോടി രൂപയാണ് പുതിയ ലോക്കല്‍ തീവണ്ടിക്ക്. 110 കി.മീറ്റര്‍ വരെ വേഗത്തില്‍ ഇവ ഓടിക്കാന്‍ കഴിയും. പുതിയ വണ്ടികള്‍ വരുന്നതോടെ ഹാര്‍ബര്‍ ലൈനിലെ തീവണ്ടിയാത്ര കൂടുതല്‍ ഗുണകരമാവുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. ഇപ്പോള്‍ പല ദിവസങ്ങളില്‍ ലോക്കല്‍ തീവണ്ടികളുടെ യന്ത്രതകരാറുമൂലം പലപ്പോഴും ഈ ലൈനില്‍ യാത്ര മുടങ്ങാറുണ്ട്.