നവിമുംബൈ: മാതൃഭൂമി കേരളോത്സവത്തിന്റെ നാലാംദിനമായ തിങ്കളാഴ്ച ബേലാപ്പൂരിലെ ആസ്വാദകവൃന്ദം ശ്രവിച്ചത് ശബ്ദസൗകുമാര്യത്തിന്റെ പുതുധ്വനികള്‍. ശുകപുരം ദിലീപും ആറങ്ങോട്ടുകര ശിവനും ചേര്‍ന്നൊരുക്കുന്ന ഇരട്ടത്തായമ്പകയില്‍ നഗരം പുതിയ ശബ്ദത്തിന് കാതോര്‍ക്കുകയായിരുന്നു. ശുകപുരം ദിലീപ് തായമ്പകയില്‍ താളമിട്ടപ്പോള്‍ ആസ്വാദക സദസ്സ് ഒന്നാകെ കേമമായെന്ന മട്ടില്‍ തലകുലുക്കി. പിന്നീട് ആറങ്ങോട്ടുകര ശിവന്റെ ഊഴത്തിനൊപ്പം സദസ്സ് സമ്മതം മൂളി.

പതിഞ്ഞമട്ടില്‍ തുടങ്ങി കൊട്ടിക്കയറിയപ്പോള്‍ ആസ്വാദകര്‍ കൈകള്‍കൊണ്ട് വായുവില്‍ താളത്തിനൊപ്പം വൃത്തം വരച്ചു. വേഗവും താളവും കെട്ടിമറിഞ്ഞപ്പോള്‍ മനോധര്‍മത്തിന്റെ സഞ്ചാരത്തില്‍ ആസ്വാദകര്‍ കൈയടിച്ചും മറന്നും തങ്ങളെ ആ ശബ്ദത്തിനൊപ്പം ചേര്‍ത്തു നിര്‍ത്തി. താളവട്ടങ്ങളുടെ സമയം കുറഞ്ഞ് വിളംബത്തില്‍ എന്ന് ദ്രുതത്തിലേയ്ക്ക് താളവിന്യാസങ്ങളുടെയും താളാന്തര വിന്യാസങ്ങളുടേയും വേഗത വര്‍ധിച്ചപ്പോള്‍ സദസ്സും ഇളകി മറിഞ്ഞു. അടിയില്‍നിന്ന് മുകളിലേയ്ക്കുയരുംതോറും വിസ്താരം കുറഞ്ഞുവരുന്ന ഗോപുരങ്ങളെപ്പോലെ തായമ്പക അതിന്റെ സമാപനത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. രണ്ടുമണിക്കൂര്‍ നീണ്ട ഇരട്ടത്തായമ്പക നഗരത്തിന് പുതിയ അനുഭവമാണ് സമ്മാനിച്ചത്.

താളത്തില്‍ ചേലക്കര മാധവന്‍ കുട്ടിയും വലംതലയില്‍ ദേശമംഗലം ശബരിയും കോട്ടക്കല്‍ മണിയും ചേര്‍ന്നപ്പോള്‍, ഇടംതലയില്‍ അജയനും പൊതുവാളും അണിനിരന്നു.

മാതൃഭൂമി കേരള ഫെസ്റ്റില്‍ ഇന്നത്തെ പരിപാടികള്‍

വൈകീട്ട് 4 മണിക്ക് പാചകമത്സരം വൈകീട്ട് 5.30 മുതല്‍ മുദുല ഡാന്‍സ് ക്ലാസ്, എന്‍.എസ്.എസ്. നെരൂള്‍ തുടങ്ങിയവര്‍

അവതരിപ്പിക്കുന്ന കലാപരിപാടികള്‍, തുടര്‍ന്ന് കെ. കെ. നിഷാദും ടീമും അവതരിപ്പിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.