മുംബൈ: രാജ്യത്തെ ഏറ്റവുംനീളമുള്ള സൈക്കിള്‍ പാത നിര്‍മിക്കുന്നതിന് മുംബൈ മഹാനഗരത്തില്‍ ഒരുക്കങ്ങള്‍തുടങ്ങി. സൈക്കിള്‍ യാത്രികര്‍ക്കുവേണ്ടി മാത്രമായി 300 കോടി രൂപ ചെലവില്‍ പാതയുണ്ടാക്കാനുള്ള മുംബൈ നഗരസഭയുടെ പദ്ധതിക്ക് സംസ്ഥാനസര്‍ക്കാര്‍ തത്ത്വത്തില്‍ അനുമതി നല്‍കിക്കഴിഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതെക്കുറിച്ച് ചര്‍ച്ചകളും തുടങ്ങി.

പെട്രോളിയം ഇന്ധനങ്ങളുടെ ഉപഭോഗവും അന്തരീക്ഷ മലിനീകരണവും കുറച്ച് പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനാണ് സൈക്കിള്‍ പാത തുറക്കുന്നത്. നിലവിലെ തിരക്കുപിടിച്ച റോഡുകള്‍ സൈക്കിള്‍യാത്രികര്‍ക്ക് ഒട്ടും അനുയോജ്യമല്ലെന്നതുകൊണ്ടാണ് പ്രത്യേകം ട്രാക്കുകള്‍ നിര്‍മിക്കുന്നത്.

മുംബൈ നഗരത്തിന് വെള്ളമെത്തിക്കുന്ന തന്‍സ പൈപ്പുലൈനിന് സമാന്തരമായാണ് നിര്‍ദിഷ്ടപാത നിര്‍മിക്കുക. മുളുണ്ട്, ആന്റോപ് ഹില്‍, കുര്‍ള, ബാന്ദ്ര, മാഹിം എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് നാലുപ്രധാന ലിങ്ക്‌റോഡുകളുമായും 19 റെയില്‍വേ സ്റ്റേഷനുകളുമായും ഏഴ് മെട്രോ സ്റ്റേഷനുകളുമായും നാല് മോണോ റെയില്‍ സ്റ്റേഷനുകളുമായും ബന്ധമുണ്ടാകും.

പരിസ്ഥിതിസൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുപുറമേ പ്രധാനപ്പെട്ട തന്‍സ പൈപ്പലൈനിന്റെ സുരക്ഷ ഉറപ്പാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണെന്ന് മുംബൈ നഗരസഭയില്‍ പദ്ധതിയുടെ ചുമതല വഹിക്കുന്ന നിതിന്‍ ശുക്ല പറഞ്ഞു. പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ സൈക്കിള്‍യാത്രികരുടെ വേദിയായ സൈക്കിള്‍ കാട്ട സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഒന്നാംഘട്ടം 2019-ഓടെ പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്.

വെറുമൊരു പാതയെന്നതിലുപരി വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സങ്കേതമായിക്കൂടിയാണ് സൈക്കിള്‍ പാത വിഭാവനം ചെയ്തിട്ടുള്ളത്. പുസ്തകങ്ങള്‍ വായിക്കാനുള്ള മുംബൈ ബുക്ക് റൂട്ട്, സിനിമാതാരങ്ങളുടെ ചിത്രങ്ങള്‍ അലങ്കരിക്കുന്ന ബോളിവുഡ് വാക്ക്, ജൈവ വൈവിധ്യ ഇടനാഴി, ജോഗേഴ്‌സ് പാര്‍ക്ക് എന്നിവയെല്ലാം ഇതിന്റെ ഭാഗമായുണ്ടാവും.

പൈപ്പ് ലൈനിന് ഇരുവശവുമുള്ള സ്ഥലങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കുക എന്നതാവും പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രധാനതടസ്സം. ഭീമന്‍ ജലവിതരണക്കുഴലിനോട് ചേര്‍ന്നുള്ള പുറമ്പോക്കുകളില്‍ മിക്കതിലും ചേരികളാണ് ഇപ്പോഴുള്ളത്. ഇവ ഒഴിപ്പിക്കുന്നതില്‍ ജനങ്ങള്‍ സഹകരിച്ചാല്‍ പദ്ധതി കാലതാമസംകൂടാതെ നടപ്പാകുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു.

മുംബൈയ്ക്കുപുറമേ മഹാരാഷ്ട്രയിലെ പത്തു ജില്ലകളിലെ നഗരങ്ങളില്‍ക്കൂടി സൈക്കിള്‍ പാത നിര്‍മാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അമരാവതി, നാഗ്പുര്‍, ചന്ദ്രാപുര്‍, കോലാപ്പുര്‍, പുണെ, സോലാപ്പുര്‍, നാസിക്, ലാത്തൂര്‍, ഔറംഗാബാദ്, ജല്‍ഗാവ് നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക.