മുംബൈ: കാലാവസ്ഥാമാറ്റം പനിപടര്‍ന്നുപിടിക്കാന്‍ ഇടയാക്കുന്നു. ഈയിടെയുണ്ടായ വെള്ളപ്പൊക്കത്തിനുശേഷം കാലവസ്ഥ മാറി ചൂടുകൂടിയതോടെ വൈറല്‍പ്പനിയും ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 പനിയും സംസ്ഥാനത്ത് പടരുന്നു. മുംബൈയിലാണ് പനിബാധിതര്‍ കൂടുതല്‍.

കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ മുംബൈയില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണംകൂടി. സെപ്റ്റംബര്‍ ഒന്നുമുതല്‍ 10 വരെ നഗരത്തില്‍ 93 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചെന്ന് ബി.എം.സി.യുടെ ആരോഗ്യവിഭാഗം അറിയിച്ചു. ഓഗസ്റ്റില്‍ 93 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു.

എച്ച് 1 എന്‍ 1 മരിച്ചവരുടെ എണ്ണം 525 ആയി

സംസ്ഥാനത്ത് എച്ച് 1 എന്‍ 1 ബാധിച്ച് മരിച്ചവരുടെ എണ്ണം 525 ആയി. ജനുവരി മുതല്‍ സെപ്റ്റംബര്‍വരെയുള്ള കണക്കാണിത്. നിലവില്‍ 546 രോഗികള്‍ വിവിധ ആസ്​പത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 44 പേര്‍ വെന്റിലേറ്ററിലാണ്. മുംബൈയില്‍ എച്ച് 1 എന്‍ 1 പനിമൂലം 20 പേര്‍ മരിച്ചിട്ടുണ്ട്.
 
പുണെയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. 81 പേര്‍. നാസികില്‍ 54 പേരും നാഗ്പുരില്‍ 35 പേരും അഹമ്മദ് നഗറില്‍ 33 പേരും താനെയില്‍ 31 പേരും കോലാപുരില്‍ 28 പേരും ഔറംഗബാദില്‍ 26 പേരും മരിച്ചു. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, അതിസാരം, ഛര്‍ദി എന്നിവയാണ് എച്ച് 1 എന്‍1 പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ തന്നെ അടിയന്തര ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.