മുംബൈ: വാടകയ്ക്കുകൊടുത്ത ഫ്‌ളാറ്റ് തിരികെലഭിച്ചത് 48 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍. ഹൈക്കോടതി വിധിയാണ് ഒടുവില്‍ ഫ്‌ളാറ്റ് ഉടമയ്ക്ക് അനുകൂലമായത്. നവീന്‍ചന്ദ്ര നാന്‍ജിയാണ് വാടകക്കാരനെ ഒഴിപ്പിക്കാന്‍ കോടതികള്‍ കയറിയിറങ്ങിയത്. ഹൈക്കോടതി വിധി വന്നത് സെപ്റ്റംബര്‍ നാലിനാണ്. മൂന്നുമാസത്തിനുള്ളില്‍ ഫ്‌ളാറ്റ് ഒഴിയണമെന്ന് ജസ്റ്റിസ് കുല്‍ക്കര്‍ണി ഉത്തരവിട്ടു.

നവീന്‍ചന്ദ്ര നാന്‍ജി സെവ്രിയിലുള്ള ഫ്‌ളാറ്റ് 1967-ലാണ് ഭന്‍ജി എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയത്. ഫ്‌ളാറ്റില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ ഒഴിയണമെന്ന് നാന്‍ജി വാടകക്കാരനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ താമസിക്കാനുള്ള സൗകര്യത്തിനുവേണ്ടി താത്കാലികമായി ചില നിര്‍മാണപ്രവര്‍ത്തികള്‍ നടത്തിയിട്ടുള്ളൂവെന്ന കാര്യം ചൂണ്ടിക്കാട്ടി കീഴ്‌ക്കോടതിയില്‍നിന്ന് ഇയാള്‍ അനുകൂലവിധി നേടി. അതിനിടെ ഭന്‍ജി വഡാലയില്‍ തന്നെ മറ്റൊരു ഫ്‌ളാറ്റിലേക്ക് താമസം മാറ്റി. പഴയ ഫ്‌ളാറ്റ് തന്റെ കടയിലെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ നല്‍കി.
 
ഇത് ചൂണ്ടിക്കാട്ടി നവീന്‍ചന്ദ്ര വീണ്ടും കോടതിയെ സമീപിച്ചു. കോടതിവിധി ഇക്കുറി നവീന്‍ചന്ദ്ര നാന്‍ജിക്ക് അനുകൂലമായി. എന്നാല്‍ ഭാര്യയും മക്കളുമാണ് വഡാലയിലെ പുതിയവീട്ടില്‍ താമസിക്കുന്നതെന്നും താന്‍ നവീന്‍ചന്ദ്ര നാന്‍ജിയുടെ ഫ്‌ളാറ്റിലാണ് താമസിക്കുന്നതെന്നും ചൂണ്ടിക്കാട്ടി മേല്‍ക്കോടതിയില്‍നിന്ന് അനുകൂലവിധി നേടിയെടുത്തു. കേസ് തുടരുമ്പോള്‍ നവീന്‍ചന്ദ്ര മരിച്ചു. തുടര്‍ന്ന് മകന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.