മുംബൈ: രാജ്യത്ത് കഴിഞ്ഞവര്‍ഷം ഏറ്റവുമധികമാളുകള്‍ക്ക് എച്ച്.ഐ.വി. അണുബാധയുണ്ടായത് മഹാരാഷ്ട്രയില്‍ത്തന്നെ. തുടര്‍ച്ചയായി രണ്ടാംവര്‍ഷമാണ് മഹാരാഷ്ട്ര ഈ 'സ്ഥാനം' നിലനിര്‍ത്തുന്നത്.

2016-17 വര്‍ഷം രാജ്യത്ത് മൊത്തം 1.84 ലക്ഷമാളുകള്‍ക്കാണ് പുതുതായി എച്ച്.ഐ.വി. ബാധ സ്ഥിരീകരിച്ചത്. ഇല്‍ 16 ശതമാനമാളുകളും മഹാരാഷ്ട്രയില്‍നിന്നുള്ളവരാണ്. രോഗബാധയുണ്ടായവരില്‍ 1,567 പേര്‍ നവജാത ശിശുക്കളാണ്. 200 പേര്‍ക്ക് രക്തം സ്വീകരിച്ചതിലൂടെയാണ് രോഗമുണ്ടായത്. നാഷണല്‍ എയ്ഡസ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനില്‍ (എന്‍.എ.സി.എല്‍.) നിന്ന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്.

എല്ലാ സംസ്ഥാനത്തും എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് എന്‍.എ.സി.എല്ലിന്റെ കണക്കുകള്‍ വ്യക്തമാകുന്നു. മഹാരാഷ്ട്രയ്ക്കുപുറമേ കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് കഴിഞ്ഞവര്‍ഷം 20,000-ത്തില്‍ കൂടുതലാളുകള്‍ക്ക് പുതുതായി രോഗബാധയുണ്ടായത്. മറുനാടുകളില്‍ നിന്നുള്ളവര്‍ ധാരാളമെത്തുന്നതാണ് രോഗബാധ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.