മുംബൈ: പാകിസ്താനിൽനിന്നും ബംഗ്ലാദേശിൽനിന്നുമെത്തിയ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്.) നടത്തിയ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. പൗരത്വനിയമ ഭേദഗതിക്കെതിരേ മുസ്‌ലിങ്ങൾ സമരംചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് റാലിയെ അഭിസംബോധനചെയ്ത എം.എൻ.എസ്. നേതാവ് രാജ് താക്കറേ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമർശകനായിരുന്ന രാജ് താക്കറേയുടെ എം.എൻ.എസ്. മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയസാഹചര്യത്തിൽ ബി.ജെ.പി. പക്ഷത്തേക്ക് ചായുന്നതിന്റെ സൂചനയായാണ് ഞായറാഴ്ചത്തെ റാലി വിലയിരുത്തപ്പെടുന്നത്. പുതുതായി സ്വീകരിച്ച കാവിക്കൊടികളുമായി മറൈൻ ഡ്രൈവിലെ ഹിന്ദു ജിംഖാനയിൽനിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട റാലി മറൈൻ ഡ്രൈവ് ചുറ്റി ആസാദ് മൈതാനത്താണ് സമാപിച്ചത്. കാവിയുടുപ്പണിഞ്ഞ എം.എൻ.എസ്. പ്രവർത്തകർ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്ന്‌ രാവിലെ മുതൽതന്നെ നഗരത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. പൗരത്വനിയമ ഭേദഗതിയെയും ദേശീയ പൗരത്വപ്പട്ടികയെയും ദേശീയ ജനസംഖ്യാ രജിസ്റ്ററിനെയും പിന്തുണയ്ക്കാനല്ല റാലിയെന്ന് നേരത്തേ പറഞ്ഞിരുന്നെങ്കിലും പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായാണ് രാജ് താക്കറേ ഞായറാഴ്ച പ്രസംഗിച്ചത്.

‘മുസ്‌ലിങ്ങൾ പൗരത്വനിയമത്തിനെതിരേ സമരം ചെയ്യുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇന്ത്യയിൽ ജനിച്ച മുസ്‌ലിങ്ങൾക്കെതിരെയല്ല ഈ നിയമം. പിന്നെ ആരോടാണ് ഈ ശക്തിപ്രകടനം’ -റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാജ് താക്കറേ ചോദിച്ചു. പൗരത്വനിയമ ഭേദഗതിയെയും പൗരത്വ രജിസ്റ്ററിനെയും പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങളാണ് റാലിയിൽ മുഴങ്ങിയത്. ഇന്ത്യ പൗരത്വനിയമത്തിനൊപ്പം എന്ന പ്ലക്കാർഡുകളും അവർ ഉയർത്തിയിരുന്നു. എം.എൻ.എസ്. റാലിക്കിടെ സംഘർഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നഗരത്തിൽ കനത്ത പോലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. കലാപം നേരിടുന്നതിനുള്ള പ്രത്യേക പോലീസ് വിഭാഗവും ദ്രുതകർമസേനയും ബോംബ് സ്‌ക്വാഡും രാവിലെ മുതൽതന്നെ നഗരത്തിന്റെ പല ഭാഗങ്ങളിലും നിലയുറപ്പിച്ചിരുന്നു. നീരീക്ഷണത്തിനായി ക്ലോസ്ഡ് സർക്യൂട്ട് ടി.വിയും ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും സജ്ജമാക്കിയിരുന്നു.

തികച്ചും സമാധാനപരമായി നടന്ന റാലിയെത്തുടർന്ന് അക്രമസംഭവങ്ങളൊന്നുമുണ്ടായില്ല. ദാദറിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ പ്രാർഥനയ്ക്കുശേഷമാണ് രാജ് താക്കറേ റാലിക്കെത്തിയത്. റാലി വിജയിപ്പിക്കാനായെങ്കിലും അതുകൊണ്ട് എം.എൻ.എസിന് പ്രതീക്ഷിച്ച രാഷ്ട്രീയ നേട്ടമൊന്നുമുണ്ടാക്കാനാവില്ലെന്നാണ് നിരീക്ഷകർ കരുതുന്നത്. അനധികൃത കുടിയേറ്റക്കാരാണ് വലിയ പ്രശ്‌നമെന്ന് മഹാരാഷ്ട്രയിൽ ആരും ഇപ്പോൾ കരുതുന്നില്ലെന്നതുതന്നെ പ്രധാനകാര്യം. രാജ് താക്കറേ ഇതിനുമുമ്പു നടത്തിയ റാലികളിലും ജനപങ്കാളിത്തമുണ്ടാകാറുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ അതു വോട്ടാക്കിമാറ്റാൻ എം.എൻ.എസിന് കഴിയാറില്ല.

content highlights; MNS rally against illegal migrants