മുംബൈ: മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിപദം എൻ.സി.പി.ക്ക് തന്നെയാണെന്നും എന്നാൽ അടുത്തമാസം നാഗ്പുരിൽ നടക്കുന്ന നിയമസഭാസമ്മേളനത്തിന് ശേഷം മാത്രമേ ഇതാരാണെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് എൻ.സി.പി. നേതാവ് പ്രഫുൽ പട്ടേൽ പറഞ്ഞു.
നാഗ്പുരിൽ നിയമസഭാസമ്മേളനം ഡിസംബർ 22-ഓടെ അവസാനിക്കാനാണ് സാധ്യത. അതിന് ശേഷമായിരിക്കും ഉപമുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. നിലവിലെ സാഹചര്യത്തിൽ എൻ.സി.പി. നേതാവ് അജിത് പവാർ തന്നെ ഉപമുഖ്യമന്ത്രിയാകാനാണ് സാധ്യത.
മറുകണ്ടം ചാടി ദേവേന്ദ്ര ഫഡ്നവിസിനൊപ്പം സത്യപ്രതിജ്ഞചെയ്ത് ഉപമുഖ്യമന്ത്രിയായി എന്നതാണ് അദ്ദേഹത്തെ തത്ക്കാലം മാറ്റിനിർത്താൻ കാരണം. എന്നാൽ എൻ.സി.പി. എം.എൽ.എ. മാർ ഒന്നടങ്കം അജിത് പവാർ തന്നെ ഉപമുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടതിനാൽ വേറിട്ടൊരു തീരുമാനം ശരദ് പവാറിൽ നിന്ന് ഉണ്ടാകാൻ ഇടയില്ല.
പാർട്ടിയുടെ നിയമസഭാകക്ഷി നേതാവായ ജയന്ത് പാട്ടീൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും അദ്ദേഹത്തിന് ഉപമുഖ്യമന്ത്രിപദം നൽകിയിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് അടുത്തമാസത്തോടെ ഈ പദവിയിൽ അജിത് പവാർ വരുമെന്നുതന്നെയാണ്. മുഖ്യമന്ത്രി ഉദ്ധവ്താക്കറെക്ക് ഭരണപരിചയം ഒട്ടുമില്ലാത്തതിനാൽ ശക്തനായ ഒരാൾ ഉപമുഖ്യമന്ത്രിപദത്തിൽ വരണമെന്നാണ് എൻ.സി.പി.യുടെ താത്പര്യം. എന്നാൽ മുഖ്യമന്ത്രിയേക്കാൾ അധികാരം അജിത് കൈയാളുമോ എന്ന സംശയവും പലഭാഗത്തുനിന്ന് ഉയരുന്നുണ്ട്.