മുംബൈ: മഹാരാഷ്ട്രയുടെ മൊത്തം കടം 4,13,044 കോടിയായി ഉയര്‍ന്നു. കടം ഒരുവശത്ത് കൂടുമ്പോള്‍ വളര്‍ച്ചാ രംഗത്ത് സംസ്ഥാന സമ്പദ് വ്യവസ്ഥ പിന്നോട്ടുപോയതായും സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. ബജറ്റിന് മുന്നോടിയായിട്ടുള്ള സാമ്പത്തിക സര്‍വേ ധനമന്ത്രി സുധീര്‍ മുന്‍ഗന്തിവര്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

ഇത്രയുമധികം കടത്തിന്റെ പലിശ ഭാരം 31,027 കോടിയായിരിക്കും. ഡിസംബര്‍ വരെയുള്ള ജി.എസ്.ടി. വരുമാനം 30,138 കോടിയാണ്. വളര്‍ച്ചനിരക്ക് കുറയുമെന്ന് സര്‍വേയില്‍ പറയുന്നു. 2018-19ല്‍ വളര്‍ച്ചനിരക്ക് 7.33 ശതമാനമായിരിക്കും. 2016-17ല്‍ ലക്ഷ്യമിട്ടിരുന്ന 10 ശതമാനം വളര്‍ച്ച നിരക്കില്‍ നിന്നാണ് പിന്നാക്കം പോകുന്നത്. മൊത്തം സംസ്ഥാന ആഭ്യന്തരോത്പാദനത്തില്‍ (ജി.എസ്.ഡി.പി.) 2.7 ശതമാനം കുറവുണ്ടായിട്ടുണ്ട്. കാര്‍ഷിക രംഗത്ത് വളര്‍ച്ചനിരക്ക് മൈനസ് 8.3 ശതമാനമായി താഴേക്ക് പോയതായും സര്‍വേയില്‍ പറയുന്നു. മഴയില്ലാതിരുന്നതുമൂലം കാര്‍ഷിക മേഖല തളരുകയായിരുന്നു. വ്യവസായ, സേവന മേഖലകളിലെ വളര്‍ച്ചനിരക്ക് യഥാക്രമം 6.5 ശതമാനവും 9.7 ശതമാനവുമായിരിക്കും. മഹാരാഷ്ട്രയില്‍ ആകെയുള്ള വീടുകളില്‍ 12.9 ശതമാനത്തിന്റെ ഉടമസ്ഥര്‍ വനിതകളാണ്. 24.22 ലക്ഷംവീടുകള്‍ വരുമിത്. 2011-ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ 59 ശതമാനം വീടുകളിലും കുടിവെള്ള സൗകര്യമുണ്ട്. 27.6 ശതമാനം വീടുകളിലും നേരിട്ട് കുടിവെള്ളം ലഭിക്കുന്നു. 13.1 ശതമാനം വീടുകളില്‍ അകലെയാണ് കുടിവെള്ള സൗകര്യമുള്ളത്. 34 ശതമാനം വീടുകളില്‍ ശുചിമുറികളില്ല.

12.9 ശതമാനം വീടുകളും പൊതുശുചിമുറികളാണ് ഉപയോഗിക്കുന്നത്. 83 ശതമാനം വീടുകളില്‍ വൈദ്യുതിയുണ്ട്. 14.5 ശതമാനം വീടുകള്‍ മണ്ണെണ്ണയാണ് ഉപയോഗിക്കുന്നത്. 6.8 ശതമാനം വീടുകള്‍ ചാണകം, ബയോഗ്യാസ്, വിറക് എന്നിവ ഉപയോഗിച്ച് പാചകം ചെയ്യുന്നു. 68.9 ശതമാനം വീടുകള്‍ക്ക് ബാങ്ക് അക്കൗണ്ടുകളുണ്ട്. പ്രതിശീര്‍ഷ വരുമാനം 1,80,596 രൂപയാണ്. 2018 ഫെബ്രുവരിവരെ പ്രധാനമന്ത്രി ജന്‍ധന്‍യോജന പ്രകാരം 2.2 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ഇതില്‍നിന്നുള്ള നിക്ഷേപം 4304 കോടിയാണ്. 2017-18 ല്‍ പ്രൈമറി സ്‌കൂളുകളുടെ എണ്ണം 159.09 ലക്ഷവും സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ എണ്ണം 66.48 ലക്ഷവുമാണ്. മാഗ്നെറ്റിക് മഹാരാഷ്ട്ര ബിസിനസ് സംഗമത്തില്‍ 4108 വ്യവസായ സംരംഭക നിര്‍ദേശങ്ങള്‍ വന്നു 1207 ലക്ഷം കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 36.77 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സര്‍വേയില്‍ പറയുന്നു.