മുംബൈ: കേരളത്തില്‍നിന്ന് പുറത്തുപോയ മലയാളിപ്രതിഭകളെ തിരികെകൊണ്ടുവരികയാണ് കേരളസഭയുടെ ലക്ഷ്യമെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. ലോക കേരളസഭയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി നടത്തുന്ന മുംബൈ കേരളസഭ ഞായറാഴ്ച ചെമ്പൂരിലെ ശ്രീനാരായണഗുരു കോളേജില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു പി.ടി. കുഞ്ഞുമുഹമ്മദ്.

കുടിയേറ്റക്കാരും അഭയാര്‍ഥികളുമായാണ് ലോകം പ്രവാസി സമൂഹത്തെ കാണുന്നത്. നിയമങ്ങളും സംരക്ഷണങ്ങളും വിട്ടെറിഞ്ഞ് സ്വയം അടിമത്തം ഏറ്റെടുത്തത് മറുനാടുകളില്‍ അടിമവേല ചെയ്യുന്നവര്‍. കേരളത്തിനുപുറത്ത് മോര്‍ച്ചറികളില്‍, ജയിലുകളിലുമുള്ള ശവശരീരങ്ങളുടെയും പ്രവാസികളുടെയും കണക്കുകള്‍ നമുക്ക് അറിയില്ല. ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ സമ്മേളനത്തില്‍ വീട്ടുജോലിചെയ്യുന്നവരെ തൊഴില്‍ നിയമത്തിന്‍ കീഴില്‍ കൊണ്ടുവരാനുള്ള ശുപാര്‍ശയെ എതിര്‍ത്തത് ഇന്ത്യമാത്രമാണ്. മുംബൈ മലയാളികളെക്കുറിച്ചുള്ള അന്വേഷണവും പഠനങ്ങളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

ഉദ്ഘാടനത്തിനുശേഷം രാവിലെയും ഉച്ചയ്ക്കുമായി നടക്കുന്ന വിവിധ സെഷനുകളില്‍ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. കേരളത്തെ കണ്ടെത്തല്‍, മറുനാടന്‍ മലയാളികളുടെ കണക്കെടുപ്പ്, നോര്‍ക്കയും പ്രവാസി ക്ഷേമപദ്ധതികളും വിപുലീകരണത്തിന്റെ വഴികള്‍, തീവണ്ടി സൗകര്യം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍, അകം പുറം കേരളങ്ങള്‍ക്കിടയിലെ അറിവു കൈമാറ്റം, മുംബൈ വ്യവസായ രംഗത്തെ മലയാളി സാന്നിധ്യം, കേരളകലയുടെ ലോകസഞ്ചാരം, മറുനാടന്‍ കേരളവും മലയാളസാഹിത്യവും, ബൃഹത് കേരളത്തിന്റെ സഹജീവിത മാധ്യമങ്ങള്‍, മറുനാടന്‍ മലയാളി തിയേറ്റര്‍ അനുഭവങ്ങളും പാളിച്ചകളും, മുംബൈ: പ്രകൃതിയും മനുഷ്യരും, മുംബൈയില്‍ മലയാളത്തിന്റെ ഭാവി, മലയാളി സമൂഹത്തില്‍ സമാജങ്ങളുടെ സ്വാധീനം. ഈ വിഷയങ്ങളിലാണ് ചര്‍ച്ചനടന്നത്.

വിവിധ മേഖലകളിലെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ പങ്കാളികളായി. തിരുവനന്തപുരത്തെ കേരളസഭയില്‍ പുണെ മലയാളികളെ അവഗണിച്ചതില്‍ കെ. ഹരിനാരായണനും, കൊങ്കണ്‍ മലയാളികളോടുള്ള അവഗണനയ്‌ക്കെതിരേ പി.പി. അശോകനും സമ്മേളനത്തില്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.

ഓരോ വിഷയത്തിലുമുള്ള സമരസമിതിയുടെ അഭിപ്രായങ്ങള്‍ കരട് രേഖയായി എല്ലാ സെഷനുകളിലും അവതരിപ്പിച്ചു. പിന്നീടുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ക്രോഡീകരിച്ച രേഖകള്‍ കേരളത്തിലെ എം.എല്‍.എ.മാരും എം.പിമാരും അടങ്ങുന്ന മുഴുവന്‍ കേരള സഭാംഗങ്ങള്‍ക്കും എത്തിക്കാനാണ് പരിപാടിയെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു. മുംബൈ കേരളസഭയില്‍ അവതരിപ്പിച്ച വിവിധ വിഷയങ്ങള്‍ പുസ്തകരൂപത്തിലെത്തിക്കാനും പദ്ധതിയുണ്ട്. എല്ലാ വര്‍ഷവും ഇതിന്റെ തുടര്‍ച്ചയുണ്ടാവുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. എല്ലാ സെഷനുകളിലും ഉയര്‍ന്ന അഭിപ്രായങ്ങളുടെ ക്രോഡീകരണം സമാപനസമ്മേളനത്തില്‍ നടന്നു.