മുംബൈ: മഹാരാഷ്ട്രയിലെ വരൾച്ചയെ മുൻനിർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കംകുറിച്ച പ്രമുഖ പാർട്ടികൾ ഇപ്പോൾ പ്രളയമുഖത്ത് സജീവമാണ്. കോലാപുരിലേയും സാംഗ്ലിയിലും പ്രളയബാധിതർക്ക് ആശ്വാസം എത്തിക്കുന്നതിൽ മത്സരിക്കുകയാണ് പ്രമുഖ രാഷ്ട്രീയപ്പാർട്ടികൾ. ഒക്ടോബറിൽനടക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയപ്പാർട്ടികൾ നടത്തിവരുന്ന പ്രചാരണയാത്രകൾ നിർത്തിവെച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് നയിച്ചുവന്ന ജനദേശ് യാത്രയും ശിവസേന നേതാവ് ആദിത്യ താക്കറേയുടെ നേതൃത്വത്തിൽനടന്ന ജന ആശിർവാദ് യാത്രയും എൻ.സി.പി.യുടെ ശിവരാജ്യ യാത്രയുമാണ് നിർത്തിവെച്ചത്. പ്രവർത്തകർ പ്രളയബാധിതരെ സഹായിക്കാനുള്ള പ്രവർത്തനങ്ങളിലാണ്.

വരൾച്ചാവിമുക്ത മഹാരാഷ്ട്ര എന്ന മുദ്രാവാക്യവുമായി പ്രചാരണം തുടങ്ങിയ മുഖ്യമന്ത്രി പ്രളയബാധിത മേഖലകളിലാണിപ്പോൾ. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു മാസത്തെ ശമ്പളം പ്രളയദുരിതാശ്വാസഫണ്ടിലേക്ക് നൽകാൻ തീരുമാനിച്ചു. കോൺഗ്രസും ജനപ്രതിനിധികളോട് ഒരുമാസത്തെ ശമ്പളം നൽകാൻ ആഹ്വാനംചെയ്തു. എൻ.സി.പി.യാണ് ജനപ്രതിനിധികളുടെ ഒരുമാസത്തെശമ്പളം പ്രളയ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന നൽകി മുന്നിട്ടിറങ്ങിയത്. പ്രളയത്തിൽ 43 പേർ മരിച്ചു. നാലു ലക്ഷത്തോളം പേരാണ് ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നത്. പ്രളയബാധിതഗ്രാമങ്ങൾ ഏറ്റെടുക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പ്രഖ്യാപിച്ചിട്ടുണ്ട്.

വളരെ വൈകിയാണ് മുഖ്യമന്ത്രി യാത്ര നിർത്തി പ്രളയ മുഖത്തേക്ക് തിരിഞ്ഞതെന്ന് എൻ.സി.പി. കുറ്റപ്പെടുത്തിയിരുന്നു. ആരോപണങ്ങളെ മറികടക്കാൻ ശക്തമായ പ്രവർത്തനങ്ങളിലാണ് സർക്കാരും ബി.ജെ.പിയും. പ്രളയബാധിതർക്ക് വിതരണംചെയ്ത അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റുകളിൽ മുഖ്യമന്ത്രിയുടെ പടംവെച്ചതും വിവാദമായിരുന്നു.

മുഖ്യമന്ത്രിയുടെ വലംകൈ എന്നറിയപ്പെടുന്ന ജലവിഭവ മന്ത്രി ഗിരീഷ് മഹാജൻ പ്രളയബാധിതമേഖലയിലേക്ക് ബോട്ടിൽ പോവുമ്പോൾ ചിരിച്ചുനിന്നുകൊണ്ട് സെൽഫിയെടുത്തതും വിവാദമായിരുന്നു. പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിച്ച പി.സി.സി. അധ്യക്ഷൻ ബാലാസാഹേബ് തോറാട്ടും സർക്കാർ പ്രളയത്തെ നേരിട്ടരീതിയെ വിമർശിച്ചു. കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുമായി സംസാരിച്ച് അൽമാട്ടി ഡാമിലെ ജലം തുറന്നുവിടാൻ കാലതാമസം വന്നതാണ് കുറച്ചുപേരുടെ മരണത്തിനിടയാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർണാടക, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർക്കെതിരേ മനഃപ്പൂർവമല്ലാത്ത നരഹത്യക്ക്‌ കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. അൽമാട്ടിഡാം രണ്ടു ദിവസംമുമ്പ് തുറക്കേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ട ശിവസേന നേതാവ് ഉദ്ധവ് താക്കറെ സംസ്ഥാനം നേരിടുന്ന പ്രത്യേകസാഹചര്യം മുൻനിർത്തി രാഷ്ട്രീയം ഒഴിവാക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.

മഹാരാഷ്ട്ര നവനിർമാൺസേന അധ്യക്ഷൻ രാജ് താക്കറെയാകട്ടെ എല്ലാവരേയും കടത്തിവെട്ടി തിരഞ്ഞെടുപ്പ് അടുത്തവർഷത്തേക്ക് നീട്ടണമെന്ന ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. പ്രതിപക്ഷം കലക്കവെള്ളത്തിൽ മീൻപിടിക്കുകയാെണന്നായിരുന്നു ബി.ജെ.പി. നേതാവ് ആശീഷ് ഷേലാറിന്റെ പ്രതികരണം. കർണാടകത്തെക്കൊണ്ട് അൽമാട്ടി ഡാമിലെ ജലം തുറന്നുവിടാൻ മുഖ്യമന്ത്രി ഫഡ്‌നാവിസ് സമയോചിതമായി ഇടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Leaders visited flood affected area's in Mumbai