മുംബൈ: പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ശ്രമിച്ച കേസില്‍ പ്രതികളെ പ്രത്യേക കോടതി വിട്ടയയച്ചു. രവി പൂജാരിയുടെ സംഘത്തിലെ മദന്‍ സോണ്‍കര്‍, അശുതോഷ് വര്‍മ, റാം ചൗഹാന്‍ എന്നിവരെയാണ് മക്കോക കോടതി വെറുതെ വിട്ടത്. പത്രത്തിന്റെ ഓഫീസിന്റെ സമീപത്തു നിന്നുമാണ് മൂന്നു പേരെയും പിടികൂടിയതെന്നാണ് കേസ്.
 
2014 സപ്തംബറിലായിരുന്നു ഇവര്‍ അറസ്റ്റിലായത്. തോക്കും വെടിയുണ്ടകളും 11 വ്യാജ സിം കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തിരുന്നു.
 
പൂജാരിയെക്കുറിച്ച് പത്രത്തില്‍ വന്ന വാര്‍ത്തയ്ക്ക് പ്രതികാരം വീട്ടാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. 38 സാക്ഷികളെ വിസ്തരിച്ചു. അബ്ദുള്‍ ശൈഖ് എന്ന പ്രതിയെ മാപ്പു സാക്ഷിയാക്കി.
 
എന്നാല്‍ ഇവരുടെ മൊഴികളിലെ വൈരുധ്യങ്ങള്‍ ചൂണ്ടികാട്ടി കോടതി പ്രതികളെ വെറുതെ വിട്ടു. ദക്ഷിണ മുംബൈയിലുള്ള പത്രത്തിന്റെ ഓഫീസിന് ഏഴു ഗേറ്റുകളാണുള്ളത്. പത്ര പ്രവര്‍ത്തകന്‍ ഏത് ഗേറ്റില്‍ നിന്നാണ് പുറത്തേക്ക് ഇറങ്ങുന്നതെന്ന് വ്യക്തമായ വിവരം എവിടെ നിന്നും ലഭിച്ചിരുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. പ്രതികളില്‍ ഒരാളെ പിടികൂടിയത് മുംബൈയില്‍ വെച്ചായിരുന്നില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.