പുണെ: ഭീമാ കൊരേഗാവില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദളിത് വികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്ന ഗുജറാത്ത് എം.എല്‍.എ. ജിഗ്നേഷ് മേവാനിക്ക് അംബേദ്കറോട് ആദരവുണ്ടായിരുന്നില്ലെന്ന് പുണെയിലെ ബി.ജെ.പി.യുടെ ദളിത് പാര്‍ലമെന്റ് അംഗം (രാജ്യസഭ) അമര്‍ സാബ്ലെ ആരോപിച്ചു.

ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയ ഡോ. അംബേദ്കറിന്റെ വീക്ഷണങ്ങളെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ മേവാനിക്ക് കഴിഞ്ഞിട്ടില്ല. അംബേദ്കറിന്റെ വാക്കുകള്‍ ഒരിക്കലും മായ്ക്കാന്‍പറ്റാത്ത വിധത്തിലുള്ള ശിലാലിഖിതങ്ങളല്ലെന്ന് മേവാനി നേരത്തേ പറഞ്ഞത് ഇതുകാരണമാണ്.

ഇവിടത്തെ ദളിത് പ്രസ്ഥാനങ്ങളെ റാഞ്ചിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോണ്‍ഗ്രസ് പിന്തുണയോടെ ഇത്തവണ ഗുജറാത്ത് നിയമസഭയിലെത്തിയ മേവാനിയെ ഉപയോഗിച്ച് ഭരണത്തിലേക്കുള്ള തിരിച്ചുവരവിന് വേണ്ടിയുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്.

2014- ലെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് രാംദാസ് അതാവ്‌ലെയുടെ കീഴില്‍ ദളിത് സമുദായം ബി.ജെ.പി.യോടൊപ്പം നിന്നതില്‍ വേവലാതിപ്പെട്ടവരാണ് ഇപ്പോള്‍ സാമുദായിക സ്​പര്‍ധ വളര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്.

മഹാരാഷ്ട്രയിലെ ദളിത് പ്രസ്ഥാനത്തെ ഇടതുചേരിയിലേക്ക് എത്തിക്കാനുള്ള ഇവരുടെ ശ്രമം ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.